16
Aug 2024
Wed
16 Aug 2024 Wed
Hamas chooses Yahya Sinwar as new leader

ഗസ്സ: തെഹ്‌റാനില്‍ കൊല്ലപ്പെട്ട ഇസ്മാഈല്‍ ഹനിയ്യയുടെ പിന്‍ഗാമിയായി യഹിയ സിന്‍വാറിനെ പ്രഖ്യാപിച്ച് ഹമാസ്. (Haniya’s successor, Yahya Sinwar) രക്തസാക്ഷിയായ കമാന്‍ഡര്‍ ഇസ്മാഈല്‍ ഹനിയ്യക്ക് പകരം യഹിയ സിന്‍വാറിനെ രാഷ്ട്രീയകാര്യമേധാവിയായി പ്രഖ്യാപിക്കുകയാണെന്ന് ഹമാസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ നേതാവായി ഐകകണ്‌ഠ്യേനയാണ് സിന്‍വാറിനെ തിരഞ്ഞെടുത്തതെന്ന് ഹമാസ് വക്താവ് ഒസാമ ഹംദാന്‍ പറഞ്ഞു. സംഘടനയുടെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു സിന്‍വാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

61 കാരനായ സിന്‍വാറാണ് ഹമാസിന്റെ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നിലുള്ള ബുദ്ധികേന്ദ്രമായി കണക്കാക്കപ്പെടുന്നത്. ഹമാസ് സ്ഥാപകന്‍ ശെയ്ഖ് അഹ്‌മദ് യാസീന്റെ സന്തത സഹചാരിയായിരുന്ന സിന്‍വാറാണ് സംഘടനയുടെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തത്. 1980കളില്‍ ഇസ്രായേല്‍ സിന്‍വാറിന് നാല് ജീവപര്യന്തം തടവുകള്‍ വിധിച്ചിരുന്നു.

ഹമാസിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനമായ മജ്ദിന് 23 വര്‍ഷത്തോളം നേതൃത്വം നല്‍കിയത് സിന്‍വാറായിരുന്നു. ഇസ്രായേലിന് വേണ്ടി ചാരപ്പണിയെടുക്കുന്ന ഫല്‌സതീനികളെ കണ്ടെത്തി നിഷ്‌കാസനം ചെയ്യുക എന്നതായിരുന്നു മജ്ദിന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന്.

ഇസ്രായേല്‍ ജയിലിലായിരുന്ന സിന്‍വാര്‍ 2011ലാണ് മറ്റ് 1,047 ഫലസ്തീന്‍ തടവുകാരോടൊപ്പം മോചിപ്പിക്കപ്പെട്ടത്. 2006ല്‍ ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേലി സൈനികന്‍ ഗിലാദ് ശാലിത്തിന്റെ മോചനത്തിന് പകരമായായിരുന്നു ഈ കൈമാറ്റം.

ഹമാസ് സൈനിക വിഭാഗത്തിന്റെ മുന്‍ കമാന്‍ഡറായിരുന്ന സിന്‍വാര്‍ വീണ്ടും ആ സ്ഥാനത്തേക്ക് തിരിച്ചെത്തി. 2017ല്‍ ആണ് ഗസയിലെ ഹമാസ് മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഹനിയ്യക്ക് പകരമായിരുന്നു നിയമനം. 2021ല്‍ വീണ്ടും നാലു വര്‍ഷത്തേക്ക് കൂടി തിരഞ്ഞെടുക്കപ്പെട്ടു.

ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെശ്കിയാന്റെ ഉദ്ഘാടനത്തിന് ഇറാനിലെത്തിയ സമയത്താണ് ഹനിയ്യ കൊല്ലപ്പെടുന്നത്. ഖാലിദ് മിശല്‍, ഖലീല്‍ അല്‍ ഹയ്യ, മൂസ അബൂ മര്‍സൂഖ്, മുഹമ്മദ് ദെയ്ഫ്, മര്‍വാന്‍ ഇസ്സ എന്നിവരുടെ പേരുകളും ഹനിയ്യയുടെ പകരക്കാരനായി പരിഗണിക്കെപ്പെട്ടിരുന്നു.

യുദ്ധ സമയത്ത് ഹനിയ്യ ഖത്തറിലാണ് കഴിഞ്ഞിരുന്നതെങ്കില്‍ സിന്‍വാര്‍ ഗസയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ നിയന്ത്രിക്കുകയായിരുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കൂടിയാണ് അദ്ദേഹം. സിന്‍വാറിന് വേണ്ടി ഗസയില്‍ വ്യാപക തിരച്ചില്‍ നടത്തുന്നതായി അമേരിക്ക നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഗസയിലെ ഏതോ അഗാധ തുരങ്കങ്ങളിലൊന്നില്‍ കഴിയുകയാണ് അദ്ദേഹമെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍, പോരാട്ട രംഗത്തുള്ള സൈനികരെ ഏപ്രില്‍ മാസത്തില്‍ സിന്‍വാര്‍ നേരില്‍ സന്ദര്‍ശിച്ചതായി ഹമാസ് വ്യക്തമാക്കിയിരുന്നു.

ഇസ്രായേലിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ആളെ പോളിറ്റ് ബ്യൂറോ തലവനായി തിരഞ്ഞെടുത്ത ഹമാസിന്റെ നീക്കം ബെഞ്ചമിന്‍ നെതന്യാഹുവിനോടു നേര്‍ക്കുനേരെയുള്ള വെല്ലുവിളിയാണ്. ബന്ദികളുടെ മോചനമല്ല, മറിച്ച് സിന്‍വാറിനെ കൊലപ്പെടുത്തുകയാണ് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് നെതന്യാഹു പലപ്പോഴും സൂചിപ്പിച്ചിരുന്നു.

ഹനിയ്യയുടെ കൊലപാതകം മേഖലയെ ആകെ ഞെട്ടിച്ചിരുന്നു. ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ അട്ടിമറിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.