ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജമ്മു കശ്മീര്‍, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. (Haryana, Jammu & Kashmir election result live update) രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
|
ഇരു സംസ്ഥാനങ്ങളിലും 90 വീതം സീറ്റുകളാണുള്ളത്. ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായും ഹരിയാനയില്‍ ഒറ്റ ഘട്ടമായുമാണ് വോട്ടെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സജീവമായി പ്രചാരണത്തിനിറങ്ങിയ ഇരു സംസ്ഥാനങ്ങളിലും വിജയം ഈ നേതാക്കളുട ജനപിന്തുണയ്ക്കുള്ള തെളിവ് കൂടിയാവും.
ഹരിയാനയില്‍ കോണ്‍ഗ്രസിനും ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണിക്കുമാണ് എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ ഫലം മറിച്ചായിരിക്കുമെന്നാണ് ബിജെപി മുന്നണി നേതാക്കള്‍ പറയുന്നത്.
ഹരിയാനയിലെ ഭരണ വിരുദ്ധ വികാരം ബിജെപിക്ക് വലിയ തോതില്‍ തിരിച്ചടിയാവുമെന്നാണ് പൊതുവേ വിലയിരുത്തല്‍. ജമ്മു കശ്മീരില്‍ തൂക്കുസഭ വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്. വോട്ടവകാശമുള്ള അഞ്ചു പേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കം നാഷണല്‍ കോണ്‍ഫറന്‍സ് മുന്നണി ജാഗ്രതയോടെയാണ് നോക്കി കാണുന്നത്. ജനവിധി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ആരോപിക്കുന്നത്.
കോണ്‍ഗ്രസ് വന്നാല്‍ ഭൂപീന്ദര്‍ സിങ് ഹൂഡ
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായി വന്നാല്‍ കോണ്‍ഗ്രസിലെ ഭൂപീന്ദര്‍ ഹൂഡ ഹരിയാനയില്‍ മൂന്നാംവട്ടം മുഖ്യമന്ത്രിയാകും. ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നു നേതാക്കള്‍ ആവര്‍ത്തിച്ചുപറയുമ്പോഴും ഭൂപീന്ദര്‍ ഏറക്കുറെ ഉറപ്പിച്ചുവെന്നതു കോണ്‍ഗ്രസിലെ രഹസ്യം. അതേസമയം, ദലിത് വനിതാ മുഖം എന്ന നിലയില്‍ കുമാരി ഷെല്‍ജയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
ഹാട്രിക് ജയമെന്ന സ്വപ്നതുല്യമായ നേട്ടമാണു ബിജെപി മോഹിക്കുന്നതെങ്കിലും എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ അനുകൂലമല്ല. മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി തന്നെ തുടരുമെന്നു പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബിജെപിക്കു മുന്‍തൂക്കം ലഭിച്ചാല്‍ മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന നേതാവുമായ അനില്‍ വിജും അവകാശവാദം ഉന്നയിച്ചേക്കും
കുപ്പായമിട്ട് ഉമര്‍ അബ്ദുല്ല
ജമ്മു കശ്മീരില്‍ ഭരണം ഇന്ത്യാസഖ്യത്തിനു ലഭിക്കുകയും നാഷനല്‍ കോണ്‍ഫറന്‍സ് സര്‍ക്കാരിനെ നയിക്കുകയും ചെയ്താല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഫാറൂഖ് അബ്ദുല്ലയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുല്ലയുടെ പേര് മാത്രമാണ് ഉള്ളത്.
എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന പ്രകാരം ഇന്ത്യാസഖ്യത്തിനു വ്യക്തമായ മേല്‍ക്കൈ ഇല്ലാതിരിക്കുകയും പിഡിപി സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകുകയും ചെയ്താല്‍ മെഹബൂബ മുഫ്തി കിങ് മേക്കറാകും.





