01
Apr 2023
Mon
01 Apr 2023 Mon

അഹമ്മദാബാദ്: തുടർച്ചയായ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ തീവ്രഹിന്ദുത്വ പ്രവർത്തക കാജൽ ഹിന്ദുസ്ഥാനി അറസ്റ്റിൽ. ഗിർ സോമനാഥ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ഉനയിൽ രാമനവമി ആഘോഷത്തിനിടെ ഇവർ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ്. പ്രസംഗത്തിൽ പൊലീസ് കേസെടുത്തതിനെ തുടർന്ന് കാജൽ ഒളിവിൽ പോയിരുന്നു. പിന്നീട് ഇന്നലെ ഉന പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാർച്ച് 30ന് രാമനവമി ദിനത്തിൽ വിഎച്ച്പി സംഘടിപ്പിച്ച ഹിന്ദു സമുദായ സമ്മേളനത്തിലാണ് കാജൽ പ്രകോപന പ്രസംഗം നടത്തിയത്. ഇവരുടെ പ്രസംഗത്തെ തുടർന്ന് രണ്ടു ദിവസമാണ് ഉനയിൽ വർഗ്ഗീയ സംഘർഷം നടന്നത്. സംഘർഷത്തെ തുടർന്ന് നിരവധി പേർക്കെതിരെ കേസെടുക്കുകയും 80 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുസ്ലിം സ്ത്രീകൾ ഹിന്ദു യുവാക്കളെ വിവാഹം കഴിക്കണമെന്നും എങ്കിൽ 45 ഡിഗ്രി ചൂടിൽ ബുർഖ ധരിക്കേണ്ടി വരില്ലെന്നും തലാഖ് ചൊല്ലി നിങ്ങളെ മൊഴി ചൊല്ലില്ലെന്നും ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികൾക്കും സ്വത്തിൽ അവകാശമുണ്ടാകും എന്നുമായിരുന്നു കാജൽ പ്രസംഗിച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

ഇതുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ വിദ്വേഷം നിറഞ്ഞ ഉള്ളടക്കം പങ്കുവയ്ക്കുന്നതും ഇവരുടെ പതിവാണ്.