ന്യൂഡല്‍ഹി: കടുത്ത മത വിദ്വേഷം പരത്തുന്ന പ്രഭാഷണം നടത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി എടുക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ധൃതി പിടിച്ച് നടപടി എടുക്കേണ്ട സാഹചര്യമില്ലെന്ന് കമ്മീഷന്റെ വിലയിരുത്തല്‍. ( Hate speech: Election Commission says no action against Modi for now )
|
മോദിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സാമൂഹിക സംഘടനകളും പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി പരിശോധിച്ചു വരികയാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു കമ്മീഷന്‍. പരാതി നല്‍കി മൂന്നുദിവസം പിന്നീടുമ്പോഴാണ് നടപടി വേണ്ടതില്ലെന്ന കമ്മീഷന്‍ തീരുമാനം.
ഞായറാഴ്ചയാണ് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമ്പത്ത് നുഴഞ്ഞു കയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും നല്‍കുമെന്നായിരുന്ന മുസ്ലിംകളെ പരാമര്‍ശിച്ചു കൊണ്ട് മോദി പറഞ്ഞത്. ഹിന്ദുക്കളുടെ കെട്ടുതാലി വരെ മുസ്ലിംകള്‍ക്ക് പണയപ്പെടുത്തുമെന്നും പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
വിവാദ പ്രസംഗത്തിനെതിനെതിരേ തിങ്കളാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നേരിട്ട് എത്തി പരാതി നല്‍കി. പിന്നാലെ സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും പരാതി നല്‍കി. പ്രധാനമന്ത്രിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
കഴിഞ്ഞ മാസം മോദി കോയമ്പത്തൂരില്‍ നടത്തിയ റോഡ് ഷോയില്‍ സ്‌കൂള്‍ കുട്ടികളെ ഉപയോഗിച്ചതിനെതിരേയും പരാതി ഉയര്‍ന്നിരുന്നു. ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ ഇക്കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും കുട്ടികളെ അയച്ച സ്‌കൂളിനെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, തിരഞ്ഞെടുപ്പ്് കമ്മീഷന്‍ വിശദീകരണം തേടി ബിജെപിക്കോ പ്രധാനമന്ത്രിക്കോ നോട്ടീസ് അയക്കാന്‍ തയ്യാറായില്ല.
നേരത്തെ ബി.ജെ.പി നേതാവ് ഹേമമാലിനിക്കെതിരെ കോണ്‍ഗ്രസ് നേതാവ് റണ്‍ദീപ് സിംഗ് സുര്‍ജെവാല നടത്തിയ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. 48 മണിക്കൂര്‍ അദ്ദേഹത്തെ പ്രചാരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തി. 2019 രാഹുല്‍ ഗാന്ധി അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന്കാട്ടി വിവിധയിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
രാമക്ഷേത്ര പരാമര്‍ശം ചട്ടലംഘനമല്ല
അതേ സമയം, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പരാമര്‍ശം മാതൃകാ പെരുമാറ്റ ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. താലിബാന്‍ ഭരണം ഏറ്റെടുത്തതിന് ശേഷം അഫ്ഗാനില്‍നിന്ന് സിഖ് വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മോദി പരാമര്‍ശിച്ചതും ചട്ട ലംഘനമല്ലെന്ന് കമ്മിഷന്‍ വിലയിരുത്തി.
പ്രധാനമന്ത്രി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് മാത്രമാണ് വിശദീകരിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍.





