കോഴിക്കോട്: ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കെ.പി കമാലിന് വേണ്ടി ഇടപെടാനാകില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍. ഇക്കാര്യത്തില്‍ പരാതി പരിഹാരത്തിന് ഉത്തര്‍പ്രദേശ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെയോ (UPSHRC) ദേശീയ മനുഷ്യാവകാശ കമ്മിഷനെയോ (NHRC) സമീപിക്കാമെന്ന് കേരള മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആണ് അറിയിച്ചത്.
|
മലപ്പുറം പൂന്താവനം കാര്യമാട് സ്വദേശിയായ കെ.പി കമാലിനെ 2023 മാര്‍ച്ച് മൂന്നിനാണ് യു.പി പൊലിസ് മേലാറ്റൂര്‍ പൊലിസിന്റെ സഹായത്തോടെ വീട്ടിലെത്തി അറസ്റ്റ്‌ചെയ്തത്. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഭാര്യ സജ്‌ന സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം ഇക്കാര്യം അറിയിച്ചത്. സിദ്ദീഖ് കാപ്പനുമായുള്ള ബന്ധമാണ് അറസ്റ്റിന് കാരണമെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
പരാതി പരിഗണിച്ച കമ്മിഷന്‍, വിഷയത്തില്‍ മലപ്പുറം ജില്ലാ പൊലിസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. യു.പി പൊലിസ് ടാസ്‌ക് ഫോഴ്‌സാണ് അറസ്റ്റ് ചെയ്തതെന്നും യു.പിയിലെ മഥുര ജില്ലയില്‍ നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെന്നുമാണ് മലപ്പുറം പൊലിസ് അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി സാമ്പത്തിക ഇടപാട് നടത്തിയതിനാണ് പ്രതി ചേര്‍ത്തതെന്നും യു.പി പൊലിസിനെ സഹായിക്കുക മാത്രമാണ് ഇക്കാര്യത്തില്‍ സംസ്ഥാന പൊലിസ് ചെയ്തതെന്നും കേരളാ പൊലിസ് അറിയിച്ചു. തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിലപാടെടുത്തത്.
ഹാത്രസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കന്‍ ഡല്‍ഹിയില്‍നിന്ന് പോകുന്നതിനിടെ 2020 ആഗസ്റ്റിലാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. രണ്ടുവര്‍ഷത്തെ തടവിന് ശേഷം കാപ്പന്‍ മോചിതനായി. കേസുമായി ബന്ധപ്പെടുത്തി 2023 മാര്‍ച്ച് മൂന്നിനാണ് പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പൂന്താനത്തെ വീട്ടില്‍നിന്ന് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കമാലിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ലഖ്‌നോ ജയിലില്‍ അടക്കുകയായിരുന്നു.
സിദ്ദീഖ് കാപ്പനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് കെ.പി കമാലിനെ പ്രതിചേര്‍ത്തത്. 20 വര്‍ഷമായി മാധ്യമമേഖലയില്‍ ജോലി ചെയ്തിരുന്ന കമാല്‍ തേജസ് പത്രത്തില്‍ സര്‍കുലേഷന്‍ വിഭാഗത്തില്‍ ജോലിചെയ്തിരുന്നു.
Hathras: Human Rights Commission says it cannot intervene in KP Kamal’s case


