23
Sep 2022
Tue
23 Sep 2022 Tue

കേന്ദ്രമന്ത്രി നടത്തിയ അനധികൃതനിർമാണം പൊളിച്ചുനീക്കാൻ ബോംബൈ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്രമന്ത്രി നാരായൺ റാണേയുടെ ജുഹു ഏരിയയിലെ ബം​ഗ്ലാവ് നിർമിച്ചത് തീരദേശ നിയമം ലംഘിച്ചും അനുവദിച്ചതിലും കൂടുതൽ നിലകൾ പണിതുവെന്നും വ്യക്തമാക്കിയാണ് കോടതി മുംബൈ കോർപറേഷന് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

അനധികൃതനിർമാണത്തിന് നിയമസാധുത തേടി റാണേ കുടുംബം നൽകിയ ഹരജി പരി​ഗണിക്കില്ലെന്നും ജസ്റ്റിസുമാരായ ആർ ഡി ധനുക, കമൽ ഖാത എന്നിവർ അം​ഗങ്ങളായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അനധികൃതമായി നിർമിച്ച ഭാ​ഗങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൊളിച്ചുനീക്കണമെന്നാണ് കോടതി നിർദേശിച്ചത്. പൊളിച്ചുനീക്കിയ ശേഷം റിപോർട്ട് നൽകണമെന്നും കോടതി കോർപറേഷന് നിർദേശം നൽകിയിട്ടുണ്ട്. 

 

10 ലക്ഷം രൂപ പിഴയും കോടതി നാരായൺ റാണേക്കെതിരേ ചുമത്തി. മഹാരാഷ്ട്ര ലീ​ഗൽ സർവീസസ് അതോറിറ്റിയിലാണ് പിഴ കെട്ടേണ്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ കെട്ടിവയ്ക്കണമെന്നും കോടതി റാണേയോട് പറഞ്ഞു. പൊളിക്കുന്നതിന് ആറാഴ്ച സാവകാശം തരണമെന്നും ഇതിനുള്ളിൽ സുപ്രിംകോടതിയിൽ അപ്പീൽ പോവാൻ കഴിയുമെന്നും റാണേയുടെ അഭിഭാഷകൻ അഭ്യർഥിച്ചെങ്കിലും കോടതി വഴങ്ങിയില്ല.

 

അനധികൃത നിർമാണത്തിനെതിരേ മാസങ്ങൾക്ക് മുമ്പ് തന്നെ കോർപറേഷൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ അനധികൃതമായി നിർമിച്ച ഭാ​ഗത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ജൂലൈയിൽ കോർപറേഷനെ സമീപിച്ചെങ്കിലും അധികൃതർ ഇക്കാര്യം അം​ഗീകരിച്ചിരുന്നില്ല.