27
Jun 2024
Wed
27 Jun 2024 Wed
Kerala Rain News: Heavy rains continue today; Holiday for educational institutions in two districts

രാവിലെ മുതലേ കേരളത്തില്‍ കനത്ത മഴ, രണ്ടു ഡാമുകള്‍ തുറന്നു; ജാഗ്രതാനിര്‍ദേശം, മലപ്പുറത്ത് മരം കടപുഴകി വീണു, കോട്ടയത്ത് അവധി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തില്‍ രാവിലെ മുതലേ കനത്ത മഴ പെയ്യുന്നു. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെയും ഗുജറാത്തിനു മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്നത്. ഇടുക്കിയുടെ മലയോര മേഖലയില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് മലങ്കര ഡാം തുറന്നു. മലങ്കര ഡാമിലെ 3 ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും ഉയര്‍ത്തി. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കി.

മലപ്പുറം എടവണ്ണയില്‍ മരം റോഡിലേക്ക് കടപുഴകി വീണു. ഇതിനെ തുടര്‍ന്ന് നിലമ്പൂര്‍ റോഡില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.

കനത്തമഴയെ തുടര്‍ന്ന് കോഴിക്കോട് തൊട്ടില്‍പ്പാലം പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.

കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ ന്യൂന മര്‍ദ്ദപാത്തി സ്ഥിതിചെയ്യുണ്ട്. ഗുജറാത്തിനു മുകളിലായി ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഇടിന്നലോടെ മഴയും ശക്തമായ കാറ്റോടെയുള്ള മഴയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട്

ഇന്ന്: കണ്ണൂര്‍, കാസര്‍കോട്

നാളെ: വയനാട്, കണ്ണൂര്‍

മഞ്ഞ അലര്‍ട്ട്

ഇന്ന്: എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

നാളെ: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്