16
Nov 2024
Wed
16 Nov 2024 Wed
hezbollah attack

ഇസ്രായേലി സൈന്യത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും ആസ്ഥാനത്തിന് നേരെ ഹിസ്ബുല്ല ആക്രമണം. (Hezbollah attacks Israeli Defense Ministry headquarters) മധ്യ ടെല്‍ അവീവിലെ സൈനിക ആസ്ഥാനത്തിന് നേരെ അത്മഹത്യാ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. സൈനിക കേന്ദ്രത്തിന് നേരെ ഇതാദ്യമായാണ് ആക്രമണം നടത്തുന്നതെന്ന് ഹിസ്ബുല്ല അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡ്രോണ്‍ ആക്രമണം നടന്ന കാര്യം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ALSO READ: ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തില്‍ രണ്ട് ഇസ്രായേല്യര്‍ കൊല്ലപ്പെട്ടു

അതേ സമയം, ദക്ഷിണ ലബ്‌നാനില്‍ ഏഴ് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക ഹീബ്രു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ബുധനാഴ്ച്ച വൈകുന്നേരം സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് വീണാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. എന്നാല്‍, സംഭവം ഇസ്രായേലി സൈന്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു
ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ബുധനാഴ്ച ഗസ്സയില്‍ 46 പേരും ലബനാനില്‍ 33 പേരും കൊല്ലപ്പെട്ടു. ഗസ്സക്ക് അടിയന്തര സഹായം എത്തിക്കാന്‍ യു.എസ് നല്‍കിയ സമയപരിധി ചൊവ്വാഴ്ച അവസാനിച്ച ശേഷമായിരുന്നു ഇസ്രായേല്‍ ആക്രമണം.

വടക്കന്‍ ഗസ്സയിലെ ബൈത് ഹനൂനിലെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. കമാല്‍ അദ്വാന്‍ ആശുപത്രിയിലെ സന്നദ്ധ ഡോക്ടര്‍ ദമ്പതികളും മകളും കൊല്ലപ്പെട്ടതായി ഡയറക്ടര്‍ ഹുസാം അബൂ സഫിയ പറഞ്ഞു.

മുവാസിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേരെയും വധിച്ചു. ശേഷിക്കുന്ന 20 പേര്‍ മധ്യ, തെക്കന്‍ ഗസ്സയിലുണ്ടായ ആക്രമണങ്ങളിലാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന്‍ ആരോഗ്യ വിഭാഗം അറിയിച്ചു.

വടക്കന്‍ ഗസ്സയിലെ ജബലിയയില്‍ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്.