ന്യൂദല്‍ഹി: പ്രമുഖ ഫാക്ട് ചെക്കിങ് പോര്‍ട്ടലായ ആള്‍ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിനെ ജിഹാദി എന്ന് വിളിച്ചയാള്‍ മാപ്പ് പറയണമെന്ന് ഡല്‍ഹി ഹൈക്കോടതി. (High Court demands apology from person who called fact checker Muhammad Zubair a Jihadi) ജഗദീഷ് സിങ് എന്നയാളോടാണ് മാപ്പു പറയാന്‍ ആവശ്യപ്പെട്ടത്.
|
ഒരു ജിഹാദി എപ്പോഴും ജിഹാദി തന്നെയായിരിക്കും എന്നായിരുന്നു മുഹമ്മദ് സുബൈറിനെതിരെ എക്സില്‍ ജഗദീഷ് സിങ് കമന്റ് ചെയ്തിരുന്നത്. ‘മുഹമ്മദ് സുബൈറിനെ ജിഹാദി എന്ന് വിളിച്ച നടപടി തെറ്റായിരുന്നു, ഖേദം പ്രകടിപ്പിച്ച് മാപ്പു ചോദിക്കുന്നു’ എന്ന് എക്സിലൂടെ മാപ്പ് പറയണമെന്നും കോടതി ആവശ്യപ്പെട്ടു. രണ്ട് മാസത്തിനുള്ളില്‍ ഇത് പോസ്റ്റ് ചെയ്യണം.
ALSO READ: അസമിലെ വെള്ളപ്പൊക്കത്തിന് കാരണം പ്രളയ ജിഹാദെന്ന് മുഖ്യമന്ത്രി
എന്നാല്‍ ജഗദീഷ് സിങ്ങിന്റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള ട്വീറ്റ് നേരിട്ടോ അല്ലാതെയോ റീട്വീറ്റ് ചെയ്യുകയോ മറ്റേതെങ്കിലും തരത്തില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജഗദീഷ് സിങ്ങിനെതിരായ ഏതെങ്കിലും സിവില്‍, ക്രിമിനല്‍ നടപടിക്ക് ഈ ക്ഷമാപണ ട്വീറ്റ് മുഹമ്മദ് സുബൈറിന് ഉപയോഗിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
നേരത്തെ മുഹമ്മദ് സുബൈറിന്റെ പരാതിയില്‍ ജഗദീഷ് സിങ്ങിനെതിരെ കേസെടുക്കാതിരുന്ന ഡല്‍ഹി പൊലീസിന്റെ നടപടിയെ കോടതി വിമര്‍ശിച്ചിരുന്നു. ജഗദീഷ് സിങ്ങിനെതിരെ കുറ്റങ്ങളൊന്നും കണ്ടെത്താനായില്ലെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ ന്യായീകരണം.
ജഗദീഷ് സിങിന്റെ പോസ്റ്റുകള്‍ പൊതുജനങ്ങള്‍ക്ക് ഭയമോ ആശങ്കയോ ഉണ്ടാക്കുന്നില്ലെന്നും അതിനാലാണ് കേസെടുക്കാതിരുന്നത് എന്നും പൊലീസ് പറഞ്ഞിരുന്നു. ഇതിനെയാണ് കോടതി വിമര്‍ശിച്ചത്. ജസ്റ്റിസ് അനൂപ് ജയ്റാം ഭംഭാനിയുടേതാണ് ഉത്തരവ്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ജാഗ്രതയും സഹിഷ്ണുതയും പുലര്‍ത്തണമെന്നും തെറ്റു പറ്റിയാല്‍ ക്ഷമ ചോദിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.





