22
Sep 2022
Wed
22 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിജാബ്ധാരിണിയായ കരാട്ടെ ചാമ്പ്യന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കോമണ്‍വെല്‍ത്ത് ഗെയിംസില്‍. ഹൈദരാബാദിലെ സെയ്ദ ഫലക് ആണ് കോമണ്‍ഗെയിംസില്‍ കരാട്ടെയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. 2006ലാണ് ഫാലക് കരാട്ടെയില്‍ സജീവമാകുന്നത്. അന്നു മുതല്‍ നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ ഒട്ടേറെ നേട്ടങ്ങള്‍ വാരിക്കൂട്ടിയ ഫലക് ഒരു രാഷ്ട്രീയ പ്രവര്‍ത്തകയുമാണ്.

 

ഹിജാബ് ധരിച്ചാണ് ഫലക് പൊതുരംഗത്തും മത്സരരംഗത്തും പ്രത്യക്ഷപ്പെടുക. ഹൈദരാബാദ് എംപി അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പ്രവര്‍ത്തകയായ ഫലക് കരാട്ടെയില്‍ ഇതിനോടകം 20 ദേശീയ പുരസ്‌കാരങ്ങളും 22 അന്തര്‍ ദേശീയ പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഹൈദരാബാദിന്റെ സുവര്‍ണ പെണ്‍കുട്ടിയെന്നാണ് ഫലക് അറിയപ്പെടുന്നത്.

 

സെപ്തംബർ ഏഴ് മുതൽ 11 വരെ ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ അരങ്ങേറുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്പിലാണ് ഫലക് ഇന്ത്യയെ പ്രതിനിധീകരിച്ച് ഏറ്റുമുട്ടുന്നത്. ആത്മരക്ഷയ്ക്കും ഫിറ്റ്‌നെസിനും വേണ്ടി കരാട്ടെ അഭ്യസിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് സഹോദരിയാണെന്ന് ഇംഗ്ലണ്ടിലേക്കുളള യാത്രയ്ക്ക് മുമ്പ് ഫലക് പറഞ്ഞു.

 

സ്ത്രികളുടെ 68 കിലോഗ്രാം വ്യക്തിഗത കുമിറ്റ് മത്സരത്തിലാണ് ഫലക് പങ്കെടുക്കുക. കരാട്ടെ ഒരു കരിയര്‍ ആയി സ്വീകരിക്കാന്‍ തിരുമാനിച്ചപ്പോള്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. പക്ഷെ, സഹോദരി സെയ്‌ദെ അയ്മന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി കൊടുക്കുകയായിരുന്നെന്ന് സുൽത്താനുൽ ഉലൂം കോളേജിലെ എൽഎൽബി വിദ്യാർഥിനി കൂടിയായ ഫലക് പറഞ്ഞു.

 

2006ല്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ലഭിച്ച വെളളിമെഡല്‍ ആണ് ഫലക്കിന് ലഭിച്ച ആദ്യതിലകം. തുടര്‍ന്ന് 2007ല്‍ ശ്രിലങ്കയിലും നേപ്പാളിലും നടന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പിലും ഫലക് വിജയ മുദ്ര ചാര്‍ത്തി.