|
മഥുര: ബാബരി മസ്ജിദിനും ഗ്യാൻവാപിക്കും ഈദ്ഗാഹ് മസ്ജിദിനും പിന്നാലെ ഉത്തർപ്രദേശിലെ മീനാ മസ്ജിദിലും അവകാശവാദമുന്നയിച്ച് ഹിന്ദു മഹാസഭ. കൃഷ്ണജന്മ ഭൂമിയിലാണ് മഥുരയിലെ മീനാ മസ്ജിദ് സ്ഥിതി ചെയ്യുന്നതെന്നും അതിനാല്‍ ആരാധനാലയം പൊളിച്ച് നീക്കി ആ ഭൂമി ക്ഷേത്രത്തിനു വിട്ടുനൽകണം എന്നുമാണ് ആവശ്യം. ഈ ആവശ്യവുമായി ഹിന്ദു മഹാസഭ ട്രഷറര്‍ ദിനേശ് ശര്‍മ മഥുര സിവില്‍ കോടതിയില്‍ ഹരജി നല്‍കി.
ഹരജി കോടതി ഒക്ടോബര്‍ 26ന് പരിഗണിക്കും. മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് കിഴക്കാണ് മീന മസ്ജിദ് സ്ഥിതി ചെയ്യുന്നത്. നേരത്തെ ഇവിടുത്തെ തന്നെ ഈദ്ഗാഹ് മസ്ജിദിനു നേരെ ഉന്നയിച്ച അതേ വാദമാണ് മീനാ മസ്ജിദിലും ഹിന്ദുമഹാസഭ പുറത്തെടുത്തിരിക്കുന്നത്. ഈദ്ഗാഹ് മസ്ജിദും കൃഷ്ണ ജന്മഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത് എന്നായിരുന്നു തീവ്ര ഹിന്ദുത്വ സംഘടനയുടെ വാദം. പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ നൽകിയ ഹരജി മഥുര സിവിൽ കോടതി മെയിൽ ഫയലിൽ സ്വീകരിച്ചിരുന്നു.
മുഗള്‍ ഭരണാധികാരി ഔറംഗ്‌സീബ് കൃഷ്ണ ജന്മക്ഷേത്രം പൊളിച്ച് അവിടെ ഷാഹി ഈദ്ഗാഹ് പള്ളി നിര്‍മിക്കുകയായിരുന്നു എന്നാണ് ദിനേശ് ശര്‍മയുടെ ആരോപണം. പിന്നീട്, ഔറംഗസേബിന്റെ പിന്‍ഗാമികള്‍ ശ്രീകൃഷ്ണ ജന്മഭൂമി സമുച്ചയത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ മീന മസ്ജിദും നിര്‍മിക്കുകയായിരുന്നെന്നും ശര്‍മ ആരോപിക്കുന്നു.
കൃഷ്ണ ക്ഷേത്രത്തിന് ചുറ്റും കൈയേറിയാണ് വടക്ക് ഭാഗത്ത് ഷാഹി ഈദ്ഗാഹും കീഴക്കന്‍ ഭാഗത്ത് മീനാ മസ്ജിദും നിര്‍മിച്ചതെന്നും അവര്‍ ക്രമേണ ക്ഷേത്രഭൂമി മുഴുവന്‍ കൈയേറാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ശര്‍മ ആരോപിക്കുന്നു. പള്ളി നിൽക്കുന്നതുൾപ്പടെയുള്ള 13 ഏക്കർ സ്ഥലവും കൃഷ്ണ ജന്മഭൂമിയിലെ കത്റ കേശവ്ദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്നും തീവ്ര ഹിന്ദുത്വസംഘടനകൾ അവകാശപ്പെടുന്നു.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ സംഘപരിവാർ അഭിഭാഷകനായ വിഷ്ണു ജെയിൻ സമർപ്പിച്ച ഹരജി സിവിൽ കോടതി തള്ളിയിരുന്നു. തുടർന്ന് ഹരജിക്കാരൻ മഥുര ജില്ലാ കോടതിയെ സമീപിച്ചു. എന്നാൽ കേസ് സിവിൽ കോടതിയോട് തന്നെ പരിഗണിക്കാൻ മഥുര കോടതി ആവശ്യപ്പെടുകയായിരുന്നു.
വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് കോമ്പൗണ്ടില്‍ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി ചോദ്യം ചെയ്ത് അഞ്ജുമാന്‍ ഇസ്‌ലാമിയ മസ്ജിദ് പരിപാലന കമ്മിറ്റി സമര്‍പ്പിച്ച ഹരജി വാരാണസി കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു പള്ളിക്കെതിരെയും ഗൂഡനീക്കവുമായി ഹിന്ദു മഹാസഭ രംഗത്തെത്തിയത്.
കർണാടകയിലെ ജാമിയ മസ്ജിദിലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വവാദികൾ രംഗത്തെത്തിയിരുന്നു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ജാമിയ മസ്ജിദ് ക്ഷേത്രം പള്ളിയാക്കി മാറ്റിയതാണെന്നും അവിടെ ആഞ്ജനേയ വിഗ്രഹത്തെ പൂജിക്കാൻ അനുവദിക്കണം എന്നുമായിരുന്നു നരേന്ദ്രമോദി വിചാർ മഞ്ച് പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണർക്ക് ഇവർ അപേക്ഷ നൽകിയിരുന്നു.



