|
ചെന്നൈ: തമിഴ്നാട്ടിൽ ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിച്ച ഹിന്ദു മക്കൾ കക്ഷി നേതാവ് അറസ്റ്റിൽ. സംസ്ഥാന പ്രസിഡന്റ് അർജുൻ സമ്പത്താണ് അറസ്റ്റിലായത്. ദിണ്ഡിഗലിലെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അർജുൻ സമ്പത്തിനെ അറസ്റ്റ് ചെയ്ത് നീക്കിയത്. ഇയാളെ കരുതൽ തടങ്കലിലാക്കിയിരിക്കുകയാണ്.
നേരത്തെ ഗോ ബാക്ക് രാഹുൽ എന്ന ക്യാമ്പയിൻ നടത്തുമെന്ന് അർജുൻ സമ്പത്ത് പ്രഖ്യാപിച്ചിരുന്നു. നരേന്ദ്രമോദി തമിഴ്നാട് സന്ദർശിക്കുമ്പോൾ ഗോ ബാക്ക് മോദി എന്ന മുദ്രാവാക്യമുയർത്തുന്നത് ട്രെൻഡാകാറുണ്ട്. അതിന് മറുപടിയായാണ് ഗോ ബാക്ക് രാഹുൽ ക്യാമ്പയിനെന്നും ഇയാൾ പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിക്കെതിരെ കരിങ്കൊടി കാണിക്കാൻ കോയമ്പത്തൂരിൽ നിന്ന് നാഗർകോവിൽ എക്‌സ്പ്രസ് ട്രെയിനിൽ കന്യാകുമാരിയിലേക്ക് പോകാനായിരുന്നു അർജുൻ സമ്പത്തിന്റെ പദ്ധതി. ഇതിനിടെ ദിണ്ഡിഗല്‍ നഗർ നോർത്ത് പൊലീസ് ഡിഎസ്പി ഗോകുല കൃഷ്ണനാണ് അർജുനെ അറസ്റ്റ് ചെയ്തത്.
‘ഒരുമിക്കുന്ന ചുവടുകള്‍; ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവക്യം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ ‘ഭാരത് ജോഡോ’ യാത്ര ആരംഭിക്കുന്നത്. കന്യാകുമാരിയിൽ ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. കന്യാകുമാരിയിലെ ഗാന്ധി കൽ മണ്ഡപത്തിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഹുൽ ഗാന്ധിക്ക് ദേശീയ പതാക കൈമാറും.



