ന്യൂഡല്‍ഹി: സഖാക്കളുടെ പെരുമാറ്റ ദൂഷ്യവും ബിജെപിയിലേക്കുള്ള അണികളുടെ ഒഴുക്കും ചൂണ്ടിക്കാട്ടി സിപിഎം ലോക്‌സഭാ തിരഞ്ഞെടുപ്പ് അവലോകന റിപോര്‍ട്ട്. (Hindu sentiments have affected party base votes: CPM ) ബിജെപി ഹൈന്ദവ വികാരം ഇളക്കിവിട്ടതും ജാതിസ്വാധീനവും പല മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ അടിസ്ഥാനവോട്ടുകളെ പ്രതികൂലമായി ബാധിച്ചെന്നും റിപോര്‍ട്ട് വിലയിരുത്തുന്നു.
|
താഴെത്തട്ടുമുതല്‍ നേതാക്കളുടെ ധാര്‍ഷ്ട്യംനിറഞ്ഞ പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റിയെന്നു കേന്ദ്രകമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് വ്യാഴാഴ്ച വൈകീട്ടാണ് സി.പി.എം. പുറത്തുവിട്ടത്.
ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ പാര്‍ട്ടി വോട്ടുകളിലെ ചോര്‍ച്ച പ്രത്യക്ഷത്തില്‍ പ്രകടമായി. പരമ്പരാഗതവോട്ടുകള്‍ ബി.ജെ.പി.യിലേക്കു ചോര്‍ന്നത് അസ്വസ്ഥതയുണര്‍ത്തുന്നതാണ്. എന്നാല്‍, തൃശ്ശൂരിലെ ബി.ജെ.പി. വിജയത്തിന് കാരണം കോണ്‍ഗ്രസ് വോട്ടുകളും ഒരുവിഭാഗം ക്രിസ്ത്യന്‍ വോട്ടുകളും ചോര്‍ന്നതാണ്. പാര്‍ട്ടിയുടെ അടിസ്ഥാനവോട്ടുകളിലും ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
കയര്‍, കശുവണ്ടി, കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായമേഖലയ്ക്കുണ്ടായ അപചയം തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിലേക്കു നയിച്ചതും തിരിച്ചടിയായി. ട്രേഡ് യൂണിയനുകള്‍ ദുര്‍ബലമായത് വോട്ടുബലത്തെ പ്രതികൂലമായി ബാധിച്ചിണ്ടെന്നാണ് കണ്ടെത്തല്‍.
ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനൊപ്പം
ജനങ്ങളില്‍ ഗണ്യമായ വിഭാഗം, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ ഇന്ത്യസഖ്യത്തിന്റെ തലപ്പത്തുള്ള കോണ്‍ഗ്രസിനെ തുണയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് കരുതി. ഇടതുപക്ഷത്തെ സഖ്യത്തിലെ പ്രധാനകക്ഷിയായി ജനങ്ങള്‍ കണ്ടില്ലെന്നത് തിരിച്ചടിയായി.
കേന്ദ്രസര്‍ക്കാരിന്റെ വിവേചനം
കേന്ദ്രസര്‍ക്കാരിന്റെ വിവേചനപരമായ സമീപനം കാരണം സംസ്ഥാനസര്‍ക്കാര്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധി വലിയ വെല്ലുവിളി സൃഷ്ടിച്ചു. സാമൂഹ്യക്ഷേമ പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നതില്‍ തടസ്സമുണ്ടായി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡി.എ. കുടിശ്ശിക നല്‍കാനായില്ല. ഇത് മുതലെടുത്ത് എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരേ യു.ഡി.എഫും മാധ്യമങ്ങളും ശത്രുതാപരമായ പ്രചാരണമഴിച്ചുവിട്ടു.
എസ്.എന്‍.ഡി.പി. ബി.ജെ.പി.യെ സഹായിച്ചു
എസ്.എന്‍.ഡി.പി. നേതൃത്വം കാര്യമായി ബി.ജെ.പി.യെ സഹായിച്ചുവെന്നതാണ് മറ്റൊരു കണ്ടെത്തല്‍. ഹിന്ദുവോട്ടുകള്‍ ആകര്‍ഷിക്കുന്നതിന് ബി.ജെ.പി.യും ആര്‍.എസ്.എസും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനവും ന്യൂനപക്ഷവിരുദ്ധ പ്രചാരണവും കേരളത്തില്‍ ഫലം കാണുന്നെന്നത് ഗൗരവതരമാണ്. ഇതിനെ പ്രതിരോധിക്കാന്‍ പാര്‍ട്ടി ശ്രദ്ധ ചെലുത്തുന്നില്ല. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ വോട്ടുവിഹിതം 40.2 ശതമാനമായിരുന്നത് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ 33.35 ശതമാനത്തിലേക്കു താഴ്ന്നത് ഗൗരവതരമാണ്.
ബംഗാളിലും ദയനീയം
ബംഗാളിലെ പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും പ്രകടനവും നിരാശാജനകമായി. മുര്‍ഷിദാബാദില്‍ മാത്രമാണ് പാര്‍ട്ടിക്ക് രണ്ടാം സ്ഥാനത്തെത്താനായത്. 2019ല്‍ 7.44 ശതമാനം വോട്ട് നേടിയത് ഇക്കുറി 6.33 ശതമാനമായി കുറഞ്ഞു. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നടന്നതിനാല്‍ ഫലത്തെ യഥാര്‍ഥ ജനവിധിയായി കണക്കാക്കാനാവില്ലെന്നാണ് റിപോര്‍ട്ട് വിലയിരുത്തുന്നത്.





