18
Jun 2023
Fri
18 Jun 2023 Fri

മുംബൈ: പ്രഭാസും കൃതി സനോണും അഭിനയിച്ച ആദിപുരുഷ് എന്ന ചിത്രത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഹര്‍ജി. ഹിന്ദു ഇതിഹാസമായ ‘രാമായണത്തേയും ശ്രീരാമനേയും സിനിമ പരിഹസിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് ഹര്‍ജി നല്‍കിയത്.രാമായണത്തെയും ശ്രീരാമനെയും നമ്മുടെ സംസ്‌കാരത്തെയും പരിഹസിക്കുന്ന ചിത്രം ഹിന്ദു സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നു. ഹിന്ദു ദൈവങ്ങളായ രാമന്‍, രാവണന്‍, സീത, ഹനുമാന്‍ എന്നിവരുമായി ബന്ധപ്പെട്ട ആക്ഷേപകരമായ രംഗങ്ങള്‍ നീക്കം ചെയ്യാനോ തിരുത്താനോ നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിത്രത്തില്‍ ദൈവങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് കൃത്യതയില്ലാതെയും അനുചിതവുമാണെന്ന് ഇവര്‍ ആരോപിക്കുന്നു. മഹര്‍ഷി വാല്‍മീകി രചിച്ച രാമായണത്തിലും വിശുദ്ധ തുളസീദാസ് രചിച്ച രാമചരിതമാനസിലും വിവരിച്ചിരിക്കുന്നതുപോലെ, കഥാപാത്രങ്ങളുടെ ചിത്രീകരണം ഹിന്ദു മത കഥാപാത്രങ്ങളുടെ വിവരണത്തിന് വിരുദ്ധമാണ്,” ഹര്‍ജിയില്‍ പറയുന്നു.

ആദിപുരുഷില്‍ രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ സെയ്ഫ് അലി ഖാനാണ്. കഥാപാത്രത്തിന്റെ താടിയുള്ള രൂപത്തിനെതിരേയും ഹര്‍ജിയില്‍ എതിര്‍പ്പുണ്ട്. ഇത് ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് അതില്‍ പറയുന്നു. ‘ഹിന്ദു ബ്രാഹ്‌മണനായ രാവണനെ തെറ്റായ രീതിയില്‍ ക്രൂരമായ മുഖം കാണിക്കുന്നത് ഹിന്ദു നാഗരികതയ്ക്ക് തികച്ചും അപമാനമാണ്,’ സിനിമയിലെ രാവണനുമായി ബന്ധപ്പെട്ട രംഗങ്ങള്‍ വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു.