30
Aug 2023
Sat
30 Aug 2023 Sat

ന്യൂഡൽഹി: തെരുവിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഷാരൂഖ് ഖാന്റെ എഐ ചിത്രവുമായി വിദ്വേഷ പ്രചാരക സാധ്വി പ്രാചി. ട്വിറ്ററിലൂടെയാണ് തീവ്ര ഹിന്ദുത്വവാദിയും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ സാധ്വി പ്രാചിയുടെ വിവാദ നീക്കം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഷാരൂഖ് ഖാൻ ഇന്ത്യക്ക് പകരം പാകിസ്താനിൽ ജനിച്ചിരുന്നെങ്കിലെന്ന് ആലോചിച്ചു നോക്കൂ. അമേരിക്കയിലെ എയർപോർട്ടിൽ ഷാരൂഖ് ഖാന് എന്ത് സംഭവിക്കുമായിരുന്നു’- എന്നാണ് ചിത്രം പങ്കുവച്ച് സാധ്വി പ്രാചി ചോദിക്കുന്നത്.

ഷാരൂഖ് ഖാനെ 2016ൽ യുഎസിലെ ലോസ് ഏയ്ഞ്ചലസ് എയർപോർട്ടിൽ തടഞ്ഞുവച്ച സംഭവം വിവാദമായിരുന്നു. മുമ്പും പലതവണ ഷാരൂഖ് ഖാന് ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് സാധ്വി പ്രാചിയുടെ ട്വീറ്റെന്ന് കരുതുന്നു.

നിരവധി പേർ കമന്‍റിലൂടെ സാധ്വി പ്രാചിയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘സാധ്വി എന്ന വാക്ക് പേരിനൊപ്പം ചേർക്കുമ്പോൾ ഒരു ദിവസമെങ്കിലും വിദ്വേഷത്തിന് പകരം നല്ലത് പറഞ്ഞുകൂടെ’ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ തീവ്രഹിന്ദുത്വ വക്താവാണ് സാധ്വി പ്രാചി. പല വിഷയങ്ങളിലും സാധ്വി പ്രാചിയുടെ പരാമർശങ്ങൾ വിവാദമായിരുന്നു. നിരന്തരം മുസ്‌ലിം വിരുദ്ധ പരാമർശങ്ങളും വ്യാജ-വിദ്വേഷ പ്രചരണങ്ങളും നടത്തുന്ന ഇവർക്കെതിരെ നടപടിയെടുക്കാൻ പൊലീസും തയാറായിട്ടില്ല.