ലഖ്‌നൗ: തുടര്‍ച്ചയായി പ്രവാചകനെയും ഇസ്ലാം മതത്തെയും അവഹേളിക്കുകയും പ്രവാചകന്റെ കോലം കത്തിക്കാന്‍ ആഹ്വാനം നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട തീവ്ര ഹിന്ദുത്വ സന്യാസി യതി നരസിംഹാനന്ദ് കസ്റ്റഡിയില്‍. ഗാസിയാബാദില്‍നിന്ന് യു.പി പൊലിസാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞമാസം 29ന് ഗാസിയാബാദിലെ ലോഹ്യ നഗറിലെ ദാസന്‍ ദേവി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലാണ് സന്യാസി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പ്രവാചകനും ഇസ്ലാമിനും എതിരേ അവഹേളനപ്രസംഗം നടത്തിയ ശേഷം പ്രവാചകന്റെ കോലം കത്തിക്കാനും ഇയാള്‍ ആഹ്വാനംചെയ്യുകയായിരുന്നു.
|
സറ ദിവസങ്ങളില്‍ കോലം കത്തിക്കുകയാണെങ്കില്‍ മുഹമ്മദ് നബിയുടെ കോലം കത്തിക്കണമെന്ന് നരസിംഹാനന്ദന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. പിന്നാലെ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നരസിംഹാനന്ദക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു.
മേജര്‍ ആശാറാം വ്യാഗ് സേവാ സന്‍സ്ഥാന്‍ ആസ്ഥാന പുരോഹിതനായി പ്രവര്‍ത്തിക്കുന്ന യതി നരസിംഹാനന്ദ് നേരത്തെയും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. 2022ല്‍ ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നരസിംഹാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
സംഭവം വലിയ പ്രതിഷേധത്തിനിടയാക്കുകയും വിവിധ സ്റ്റേഷനുകളില്‍ പരാതിപ്രളയം ഉണ്ടാകുകയും ചെയ്തതോടെയാണ് ഗാസിയാബാദ് പൊലിസിന്റെ നടപടി.
യതി നരസിംഹാനന്ദിനെതിരേ ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിയുള്‍പ്പെടെയുള്ളവര്‍ തന്നെ നേരിട്ട് പരാതി നല്‍കുകയുണ്ടായി. ഉവൈസിയുടെ പരാതിയില്‍ ഹൈദരാബാദ് പൊലിസും ഇയാള്‍ക്കെതിരേ കേസെടുത്തു. കൂടാതെ യു.പിയിലെ വിവിധ സ്റ്റേഷനുകളിലും കേസുണ്ട്. വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ മുമ്പും ഇയാള്‍ക്കെതിരേ കേസുകളുണ്ട്.
Hindutva monk Yati Narasimhanand in custody





