യുഎസ്എസ് അബ്രഹാം ലിങ്കണ്‍ ഉള്‍പ്പെടെ മൂന്ന് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്കെതിരേ ആക്രമണം നടത്തിയതായി യമനിലെ ഹൂത്തി പോരാളികള്‍. (Houthi attack shakes US warships in the Red Sea) യമനില്‍ ആക്രമണം നടത്തുന്നതിന് പദ്ധതിയിടവേയാണ് തങ്ങള്‍ മുന്‍കൂട്ടി പ്രതിരോധമൊരുക്കിയതെന്ന് ഹൂത്തികള്‍ അറിയിച്ചു.
|
ആക്രമണം കപ്പലുകള്‍ക്ക് എന്തെങ്കിലും നാശനഷ്ടമുണ്ടാക്കിയോ എന്ന കാര്യം ഹൂത്തികള്‍ വിശദീകരിച്ചില്ല. ”ഓപ്പറേഷന്‍ അതിന്റെ ലക്ഷ്യം നേടി. യമനെതിരേ ആക്രമണം നടത്താനുള്ള അമേരിക്കന്‍ ശ്രമത്തെ തടയാന്‍ സാധിച്ചു”- എന്നാണ് ആക്രമണത്തെക്കുറിച്ചുള്ള ഹൂത്തികളുടെ പ്രസ്താവന.
എന്നാല്‍, ഹൂത്തികള്‍ വിക്ഷേപിച്ച മിസൈലുകളെ മുഴുവന്‍ പ്രതിരോധിച്ചതായി പെന്റഗണ്‍ അറിയിച്ചു. ബാബ് അല്‍ മന്ദിബ് ഇടനാഴിയിലൂടെ കടന്നുപോകവേയാണ് ആക്രമണമുണ്ടായതെന്നും പെന്റഗണ്‍ അറിയിച്ചു.
ചെങ്കടലും ഏദന്‍ കടലിടുക്കും ബന്ധിപ്പിക്കുന്ന കപ്പല്‍ പാതയാണിത്. യുഎസ്എസ് സ്റ്റോക്ക്‌ഡേല്‍, യുഎസ്എസ് സ്പ്രുവന്‍സ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്നും അമേരിക്ക അറിയിച്ചു.
യുഎസ് നാവികസേനാ കപ്പലുകളെ പേടിപ്പിച്ച് പിന്മാറ്റുകയാണ് ഹൂത്തികള്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന. ആക്രമണത്തെ തുടര്‍ന്ന് അമേരിക്കന്‍ കപ്പലുകള്‍ ചെങ്കടലില്‍ നിന്ന് തിരിച്ചുപോയതായും റിപോര്‍ട്ടുകളില്‍ പറയുന്നു. ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
യമനില്‍ നിന്നുള്ള ഹൂത്തി ആക്രമണം ഭയന്ന് അമേരിക്കന്‍ കപ്പലുകള്‍ ദീര്‍ഘകാലമായി ഈ മേഖലയിലേക്ക് വന്നിരുന്നില്ല. ഒരു ഇടവേളയ്ക്ക് ശേഷം പ്രദേശത്തേക്ക് കടക്കാനുള്ള ശ്രമമാണ് ഹൂത്തികള്‍ തുരത്തിയത്.


