16
Nov 2024
Thu
16 Nov 2024 Thu
Israeli soldiers killed

ബെയ്‌റൂത്ത്: ലബ്‌നാനിലേക്ക് കൂടുതല്‍ കടന്നുകയറാനുള്ള ഇസ്രായേലിന്റെ ശ്രമത്തിനെതിരേ ഹിസ്ബുല്ലയുടെ ശക്തമായ ചെറുത്ത്‌നില്‍പ്പ്. തെക്കന്‍ ലബ്‌നാനില്‍ നടക്കുന്ന കടുത്ത പോരാട്ടത്തില്‍ ആറ് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയില്‍ നിന്ന് രണ്ടാം നിര ഗ്രാമങ്ങളിലേക്ക് കയറാനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമത്തിനിടെയാണ് കനത്ത തിരിച്ചടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സപ്തംബര്‍ അവസാനം ലബ്‌നാനിലേക്ക് കരയുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേലിനുണ്ടായ കനത്ത നാശങ്ങളിലൊന്നാണിത്. ക്യാപ്റ്റന്‍ ഇറ്റായ് മാര്‍കോവിച്ച്(22), സ്റ്റാഫ് സര്‍ജന്റുമാരായ സ്രായ എല്‍ബോയിം(21), ഡിറോര്‍ ഹെന്‍(20), നിര്‍ ഗോഫര്‍(20), സര്‍ജന്റുമാരായ ശാലേവ് ഇസാഖ് സാഗ്രോണ്‍(21), യോആവ് ഡാനിയേല്‍(19) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ മുഴുവന്‍ ഗോലാനി ബ്രിഗേഡിലെ 51ആം ബറ്റാലിയനില്‍ പെട്ടവരായിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ALSO READ: പാലക്കാട് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നിക്ക് വച്ച കെണിയില്‍പ്പെട്ടെന്ന് സംശയം

തെക്കന്‍ ലബ്‌നാനിലെ ഒരു ഗ്രാമത്തില്‍ ഒരു കെട്ടിടത്തിനകത്തുണ്ടായിരുന്ന നാല് ഹിസ്ബുല്ല പോരാളികളുമായുള്ള ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക റിപോര്‍ട്ട്. ആക്രമണത്തില്‍ ഒരു സൈനികന് ഗുരുതര പരിക്കേറ്റു.

ഏറ്റുമുട്ടലില്‍ നാല് ഹിസ്ബുല്ല പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അവകാശപ്പെട്ടു.

അതിര്‍ത്തിയില്‍ നിന്ന് ഹിസ്ബുല്ല പോരാളികളെ പൂര്‍ണമായും തുരത്തുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ കരയുദ്ധം മുന്നോട്ട് നീങ്ങുന്നത്. അതിര്‍ത്തി പ്രദേശം കേന്ദ്രീകരിച്ച് ഹിസ്ബുല്ല ഇടയ്ക്കിടെ വിക്ഷേപിക്കുന്ന റോക്കറ്റുകള്‍ ലബ്‌നാനോട് തൊട്ടുകിടക്കുന്ന ഇസ്രായേല്‍ ഗ്രാമവാസികള്‍ക്ക് കടുത്ത ഭീഷണിയായിരുന്നു.