25
Sep 2024
Thu
25 Sep 2024 Thu
arjun manaf

ബംഗളൂരു: ”ഞാന്‍ വാക്കുപാലിച്ചു. അവനെ വീട്ടില്‍ കൊണ്ടുവരുമെന്ന് അവന്റെ അച്ഛനും അമ്മക്കും ഉറപ്പുകൊടുത്തിട്ടുണ്ട്. (“I gave my word to the family that I would bring Arjun, and I kept it” – Manaf as a symbol of humanity) അവന്‍ സത്യമുള്ളവനാ”- ഇത് പറയുന്നത് കോഴിക്കോട് സ്വദേശി മനാഫ്. ഗംഗാവാലി പുഴയുടെ ആഴങ്ങളില്‍ മറഞ്ഞ അര്‍ജുന്റെ ലോറിയുടമ മനാഫ് ഏറെ പ്രതിസന്ധികളെ മറികടന്നാണ് അര്‍ജുനെ വീണ്ടെടുക്കാനുള്ള ദൗത്യത്തില്‍ ഉറച്ചു നിന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷിരൂര്‍ ദൗത്യവും അര്‍ജുന്‍ വിഷയവും കേരളത്തിന് നിരവധി സാമൂഹിക പാഠങ്ങളാണ് പകര്‍ന്നുനല്‍കിയതെന്നും ദുരന്തമുഖങ്ങളില്‍ ആരും മതം ചികയരുതെന്നും മനാഫ് പറഞ്ഞു. മൂന്നാംഘട്ട ദൗത്യത്തിലെ ആറാം ദിനത്തില്‍ അര്‍ജുന്റെ മൃതദേഹ ഭാഗങ്ങളും ലോറിയും കണ്ടെടുത്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”ദുരന്ത മുഖങ്ങളില്‍ ചിലയാളുകള്‍ ജാതിയും മതവും കാണുന്നു. ഇന്നലെ രാത്രി പോലും ഞാനതോര്‍ത്ത് കരഞ്ഞിട്ടുണ്ട്. എന്റെ കുടുംബത്തെ വരെ വിവാദത്തിലേക്ക് വലിച്ചിഴച്ചു. വിദ്വേഷങ്ങളില്ലാത്ത നാടാണ് നമുക്ക് വേണ്ടത്”- മനാഫ് പറഞ്ഞു.

മുന്ന് ഘട്ടങ്ങളിലായി 71 ദിവസം നീണ്ട ഷിരൂര്‍ ദൗത്യത്തിന്റെ അനിശ്ചിത നാളുകളില്‍ മനാഫിനെ സമൂഹ മാധ്യമങ്ങളിലൂടെ പലരും അധിക്ഷേപിച്ചിരുന്നു. അര്‍ജുനെ കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നടക്കമുള്ള പ്രചാരണങ്ങളുണ്ടായി. ഈ ഘട്ടങ്ങളിലെല്ലാം സംയമനം പാലിച്ച മനാഫ്, മഴയും വെയിലും മാറിമാറി തീക്ഷ്ണത പകര്‍ന്ന ഷിരൂരില്‍ തന്റെ സഹോദരനെ പോലെ കരുതിയ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ രാപകലില്ലാതെ ഓടിനടക്കുകയായിരുന്നു.

”എല്ലാവരും ചോദിച്ചിട്ടുണ്ട്, ഒരു ഡ്രൈവര്‍ക്കുവേണ്ടിയാണോ ഇത്രയൊക്കെ സാഹസമെന്ന്. അവന്‍ എനിക്ക് ഡ്രൈവറല്ല, ഏന്റെ കൂടപ്പിറപ്പാണ്. അവന്റെ മൃതശരീരം ഞാന്‍ കണ്ടു. അവന്‍ ധരിച്ച ടീ ഷര്‍ട്ട് അതേപോലെയുണ്ട്. വെറും എല്ലു മാത്രമാണുള്ളതെന്ന് പലരും പറയുന്നു. ആരാ ശരീരം കണ്ടത് ഞാന്‍ മാത്രമാണ് മൃതദേഹം കണ്ടത്. ഈ പറയുന്ന ആരും കണ്ടിട്ടില്ല. ഫോട്ടോ പോലും ഞാന്‍ എടുത്തിട്ടുണ്ട്. ആര്‍ക്കും കൊടുത്തിട്ടില്ലെന്നുമാത്രം. കൊടുക്കുകയുമില്ല. ശവത്തില്‍ കുത്തുന്ന വാക്കുകളാണ് പലരും പറയുന്നത്. ശരീരം ജീര്‍ണിച്ചിട്ടുണ്ട്. നടു മടങ്ങിയാണ് കിടപ്പ്. എനിക്ക് ഉറപ്പുണ്ടായിരുന്നു ലോറി അങ്ങനെയൊന്നും ചിന്നിച്ചിതറിപോകില്ലെന്ന്. ഞാന്‍ അന്നേ പറഞ്ഞില്ലേ കാബിന്‍ അത്ര പെട്ടെന്ന് തകരില്ലെന്ന്. ലക്ഷ്മണന്‍ നായിക്കിന്റെ കടയുടെ അടുത്തുതന്നെ ഉണ്ടാകുമെന്നും പറഞ്ഞതാ. അവനെ തിരിച്ചുകിട്ടാന്‍ വേണ്ടി മുട്ടാത്ത വാതിലില്ല. ഒരു സാധാരണക്കാരന് കഴിയുന്നതൊക്കെ ഇക്കാര്യത്തില്‍ ചെയ്തു. മരണാനന്തര ചടങ്ങ് സാധ്യമായല്ലോ. അവനേം കൊണ്ടേ ഇവിടെ നിന്ന് പോകൂവെന്ന് ഉറപ്പിച്ചു തന്നെയാ നിന്നത്”- കണ്ണീരിനിടയിലും മനാഫിന്റെ മുഖത്ത് നിശ്ചയദാര്‍ഡ്യം തിളങ്ങിനിന്നിരുന്നു.

ALSO WATCH