25
Sep 2025
Thu
25 Sep 2025 Thu
I love muhammed

നബിദിനാഘോഷവുമായി ബന്ധപ്പെട്ടും പ്രതിഷേധത്തിന്റെ ഭാഗമായും ഐ ലൗ മുഹമ്മദ് എന്ന ബാനര്‍ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരേ കേസ്. വിവിധ സംസ്ഥാനങ്ങളിലായി 1300ലേറെ പേര്‍ക്കെതിരേയാണ് പോലീസ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നബിദിന ആഘോഷത്തിനിടെ ‘ഐ ലവ് മുഹമ്മദ്’ ബാനറുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളിലാണ് പോലീസിന്റെ പക്ഷപാതപരമായ നടപടി. 2025 സെപ്റ്റംബര്‍ 4ന് കാണ്‍പൂരിലെ റാവത്പൂര്‍ പ്രദേശത്ത് ഒരു മുസ്ലിം സംഘടന പരമ്പരാഗത നബിദിന ഘോഷയാത്രയ്ക്കിടെ ‘ഐ ലവ് മുഹമ്മദ്’ എന്ന ബാനര്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് വിവാദം ആരംഭിച്ചത്.

തുടര്‍ന്നുണ്ടായ പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 1,324 മുസ്ലിംകള്‍ പ്രതികളാകുകയും ചെയ്തതായി അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് (എപിസിആര്‍) അറിയിച്ചു. ഇതില്‍ 38 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ മാത്രം 16 എഫ്ഐആറുകളും 1,000-ത്തിലധികം പേര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. പൊലീസ് നടപടി തികച്ചും പക്ഷാപതപരമാണെന്ന് അവകാശ സംഘടനകള്‍ ആരോപിക്കുന്നു.

ALSO READ: കുവൈത്തില്‍ വീണ്ടും മലയാളികളുടെ ചതി; 270 കോടി ലോണെടുത്ത് മുങ്ങി; ഭൂരിഭാഗവും കോട്ടയം ജില്ലക്കാര്‍

‘പ്രവാചകനോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ചതിന് ആളുകളെ ലക്ഷ്യം വെക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. സമാധാനപരമായ മതപ്രകടനം ഒരിക്കലും കുറ്റകൃത്യമല്ല.’ എപിസിആര്‍ ദേശീയ സെക്രട്ടറി നദീം ഖാന്‍ പറഞ്ഞു. സുപ്രിം കോടതിയില്‍ ഒരു റിട്ട് ഹരജിയിലൂടെയോ അല്ലെങ്കില്‍ ഒരു പൊതുതാല്‍പ്പര്യ ഹരജിയിലൂടെയോ ജുഡീഷ്യല്‍ ഇടപെടല്‍ തേടാന്‍ പദ്ധതിയിടുന്നതായും എപിസിആര്‍ പറഞ്ഞു.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) യുടെ 196, 299 വകുപ്പുകള്‍ പ്രകാരം ശത്രുത പ്രോത്സാഹിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. കാണ്‍പൂരില്‍ നബിദിനാഘോഷ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരേയാണ് ആദ്യം കേസെടുത്തത്. ഇതില്‍ പ്രതിഷേധിച്ച് ലഖ്നൗ, ഉന്നാവോ, കാശിപൂര്‍ (ഉത്തരാഖണ്ഡ്), ഗോദ്ര (ഗുജറാത്ത്), മുംബൈ (മഹാരാഷ്ട്ര), ബഹ്റൈച്ച് (ഉത്തര്‍പ്രദേശ്) തുടങ്ങിയ നഗരങ്ങളില്‍ ‘ഐ ലവ് മുഹമ്മദ്’ ബാനറുകള്‍ ഉയര്‍ത്തി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇത് കൂടുതല്‍ എഫ്ഐആറുകളിലേക്കും അറസ്റ്റുകളിലേക്കും നയിച്ചു.

എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി, കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ്ഗര്‍ഹി തുടങ്ങിയ രാഷ്ട്രീയ നേതാക്കള്‍, ജമാഅത്തെ ഇസ്ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് പ്രൊഫ. സലീം എഞ്ചിനീയര്‍ പോലുള്ള സാമൂഹിക-മത നേതാക്കള്‍ മതപരമായ ആവിഷ്‌കാരത്തിനുള്ള ഭരണഘടനാപരമായ അവകാശത്തിന് നേരെയുള്ള ആക്രമണമായാണ് ഇതിനെ വിശേഷിപ്പിച്ചത്.