ഗസയിലെ വംശഹത്യ: ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ അപ്പീലില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും
|
ഹേഗ്: ഗസയില്‍ ഇസ്രായേല്‍ നടത്തിവരുന്ന വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഹേഗ് ആസ്ഥാനമായ കോടതിയിലെ 17 ജഡ്ജിമാര്‍ അടങ്ങുന്ന പാനലാണ് വിധി പ്രസ്താവിക്കുക. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്ക് (ഇന്ത്യന്‍ സമയം വൈകീട്ട് 5.30) നാണ് വിധി പുറത്തുവരിക. ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ഏകപക്ഷീയമായ ആക്രമണം അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്നാണ് ഹര്‍ജിയിലെ ദക്ഷിണാഫ്രിക്കയുടെ പ്രധാന ആവശ്യം.
ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും, 1984 ലെ വംശഹത്യ കണ്‍വെന്‍ഷന്‍ ഇസ്രയേല്‍ ലംഘിച്ചു എന്നും ദക്ഷിണാഫ്രിക്ക ആരോപിക്കുന്നു. ഡിസംബര്‍ 29 നാണ് 84 പേജുള്ള ഹര്‍ജി ദക്ഷിണാഫ്രിക്ക സമര്‍പ്പിച്ചത്. ഗാസയില്‍ മാനുഷിക സഹായം എത്തിക്കുന്നത് തടയാതിരിക്കാന്‍ ഇസ്രയേലിന് ഉത്തരവ് നല്‍കണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നു.
വംശഹത്യ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര സംഘടനകളുടെ നേതൃത്വത്തില്‍ വസ്തുതാന്വേഷണ സംഘങ്ങളെ ഗാസയിലേക്ക് നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വംശഹത്യ ആരോപണം വളച്ചൊടിച്ചതാണെന്നും, സ്വയം പ്രതിരോധമാണ് നടത്തുന്നതെന്നുമാണ് ഇസ്രയേല്‍ വാദം. പലസ്തീന്‍ ജനങ്ങളെയല്ല, ഹമാസിനെയാണ് ലക്ഷ്യമിടുന്നതെന്നും ഇസ്രയേല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെയും സ്ത്രീകളുടെയും കണക്ക് നിരത്തിയാണ് ഇതിനെ ദക്ഷിണാഫ്രിക്ക നേരിട്ടത്. കേസില്‍ ഒ.ഐ.സി പോലുള്ള വേദികളും തുര്‍ക്കിയടക്കമുള്ള രാജ്യങ്ങളും ദക്ഷിണാഫ്രിക്കയെ പിന്തുണച്ചിരുന്നു.


