28
Jul 2024
Tue
28 Jul 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുംബൈ: മഹാരാഷ്ട്രയിലേ കോളാപൂരിൽ ജയ് ശ്രീറാം വിളികളോടെ പള്ളിക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. പള്ളിയുടെ ഉള്ളിൽ കയറിയ അക്രമികൾ ഖുർആൻ കത്തിച്ചു. പള്ളിക്ക് മുകളിൽ കാവിക്കൊടി നാട്ടി. ഈ ആക്രമണങ്ങൾ എല്ലാം പോലിസ് സാന്നിധ്യത്തിലും.

കോളാപൂര്‍ മേഖലയിലെ മസ്ജിദുല്‍ റാസ ആണ് ഹിന്ദുത്വവാദികള്‍ ആക്രമിച്ചത്. ജയ് ശ്രീറാം മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ അമ്പതോളം പേരാണ് ആക്രമണം നടത്തിയത്. പള്ളിക്ക് മുകളില്‍ കയറിയ അക്രമികള്‍ അതിൻ്റെ താഴികക്കുടം പിക്കാസുകള്‍ ഉപയോഗിച്ച് തകർത്തു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാവി വസ്ത്രങ്ങള്‍ ധരിച്ചവര്‍ ഷൂവും ചെരുപ്പുകളുമിട്ട് പള്ളിക്കുള്ളില്‍ കയറുന്നതും മിനാരം ആക്രമിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

ഇതോടൊപ്പം പ്രദേശത്തെ മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായ ആക്രമണവും സംഘം അഴിച്ചുവിട്ടു. 40 പേര്‍ക്ക് പരുക്കുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു അഴിഞ്ഞാട്ടമെന്ന് പ്രദേശത്തെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് ഇമ്രാന്‍ സനദി പറഞ്ഞു. വാളുകളും ഡണ്ഡുകളം ഉപയോഗിച്ചായിരുന്നു ആക്രമണം. ചിലരുടെ പരുക്ക് സാരമാണ്. അക്രമികള്‍ മുസ്‌ലിം വീടുകളും ലക്ഷ്യംവച്ചു. പരുക്കേറ്റവരെല്ലാം മുസ്‌ലിംകളാണ്. ഇതില്‍ ആറുവയസുള്ള കുട്ടിയും ഉള്‍പ്പെടുമെന്നും ഇമ്രാന്‍ സനദി കൂട്ടിച്ചേര്‍ത്തു.

മുന്‍ രാജ്യസഭാംഗം സംഭാജി രാജെ ഛത്രപതിയുടെ അനുയായികളാണ് ആക്രമണം നടത്തിയത്. ഹിന്ദുത്വവാദിയായ ഇദ്ദേഹത്തെ ഒന്നാം മോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുകയായിരുന്നു.

സംഭവത്തിൽ ഇതുവരെ ആർക്കെതിരെയും കേസ് എടുത്തിട്ടില്ല.