29
Mar 2023
Sun
29 Mar 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹി: സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ കുടുംബസങ്കല്‍പ്പവുമായി ചേരുന്നതല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യന്‍ സങ്കല്‍പ്പത്തില്‍ കുടുംബത്തില്‍ പുരുഷനും സ്ത്രീയുമാണ് ഉള്‍പ്പെടുന്നത്. മതപരവും സാമൂഹികവുമായ കാര്യങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഈ കാഴ്ചപ്പാട് ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ കാഴ്ചപ്പാടില്‍ മാറ്റംവരുത്തുക പ്രായോഗികമായ കാര്യമല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കാനുള്ള ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ലിംഗപരമായി ഒരേ ചേരിയില്‍പ്പെട്ടവര്‍ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നത് ഇന്ത്യന്‍ കുടുംബ സങ്കല്പവുമായി ചേരുന്നതല്ല. ഭാര്യ, ഭര്‍ത്താവ്, കുട്ടി എന്ന സങ്കല്‍പ്പവുമായി ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ല.

ക്രോഡീകരിക്കപ്പെട്ടതും ക്രോഡീകരിക്കപ്പെടാത്തതുമായ വ്യക്തി നിയമങ്ങള്‍ എല്ലാ മതങ്ങളെയും വിഭാഗങ്ങളെയും പരിപാലിക്കുന്നുണ്ട്. ഇപ്പോള്‍ ബാധകമായ വ്യക്തിനിയമങ്ങളെ ആശ്രയിക്കുമ്പോള്‍ ഈ വിവാഹ സങ്കല്‍പ്പം വ്യത്യസ്തമാണ്-കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.

ഹിന്ദുക്കള്‍ക്കിടയില്‍ വിവാഹം ഒരു ദിവ്യകര്‍മ്മമാണ്. സ്ത്രീയും പുരുഷനും തമ്മില്‍ അവരുടെ ചുമതലകള്‍ ദൈവികമായി നിര്‍വഹിക്കുകയാണ് വിവാഹം വഴി ചെയ്യുന്നത്. മുസ്ലിംങ്ങള്‍ക്കിടയില്‍ വിവാഹം ഒരു കരാറാണ്. പക്ഷെ അതും വിഭാവനം ചെയ്യുന്നത് പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമാണ്. സ്വവര്‍ഗ ബന്ധങ്ങളും ആണ്‍-പെണ്‍ ബന്ധങ്ങളും വ്യത്യസ്തങ്ങളാണ്. ഒരേ രീതിയില്‍ പരിഗണിക്കാന്‍ കഴിയാത്ത ബന്ധങ്ങളുമാണ്.