സപ്തംബര്‍ 4ന് തെലങ്കാനയിലെ ജൈനൂരില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപത്തില്‍ പോലീസും സര്‍ക്കാരും നോക്കു കുത്തിയാവുകയോ കലാപകാരികളുടെ ഒപ്പം കൂടുകയോ ചെയ്തതായി വസ്തുതാന്വേഷണ റിപോര്‍ട്ട്. (In Telangana, about 150 Muslim properties, including mosques, were burnt; failure of police and government) മുസ്ലിംകള്‍ക്കും ആദിവാസികള്‍ക്കും ഇടയില്‍ സംഘര്‍ഷം വളര്‍ത്താന്‍ സംഘപരിവാരവും ബിആര്‍എസും ആസൂത്രിത ശ്രമം നടത്തുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.സാമൂഹിക പ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെട്ട സംഘമാണ് പ്രദേശം സന്ദര്‍ശിച്ച് റിപോര്‍ട്ട് തയ്യാറാക്കിയത്.
|
വദ്ദാര, വന്‍ജാര, ഗോത്ര വിഭാഗങ്ങള്‍ ഉള്‍പ്പെട്ട 5000ഓളം വരുന്ന് ആള്‍ക്കുട്ടമാണ് 11 വീടുകള്‍, 95 വ്യാപാര സ്ഥാപനങ്ങള്‍, നാല് മസ്ജിദുകള്‍ എന്നിവ അഗ്നിക്കിരയാക്കിയത്. കൊമുറം ഭീം ആസിഫാബാദ് ജില്ലയിലെ ജൈനൂര്‍ ഗ്രാമത്തിലെ മുസ്ലിംകളുടെ 42 വാഹനങ്ങളും അക്രമികള്‍ കത്തിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.
മുസ്ലിംകള്‍ക്കെതിരായ ആക്രമണം ആളിക്കത്തിക്കുന്നതില്‍ ബിജെപിയും ബിആര്‍എസും ഉള്‍പ്പെട്ട ഭരണകക്ഷിയും പങ്കുവഹിച്ചു. ആഗസ്ത് 31ന് ഒരു ആദിവാസി യുവതിക്കെതിരേ നടന്ന അതിക്രമമാണ് സംഘപരിവാരം കൃത്യമായി മുതലെടുത്ത് മുസ്ലിംകള്‍ക്കെതിരേ തിരിച്ചുവിട്ടത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മേഖലയിലെ മുസ്ലിംകള്‍ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. അതുകൊണ്ട് തന്നെ ബിആര്‍എസ് നേതാക്കള്‍ ബിജെപിയുമായും മറ്റ് സംഘപരിവാര സംഘടനകളുമായും ചേര്‍ന്ന് പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് റിപോര്‍ട്ട് ആരോപിക്കുന്നു.
ആദിവാസി യുവതിക്കെതിരായ അതിക്രമം ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് സംഘപരിവാരം വലിയ പ്രചാരണം നടത്തിയിരുന്നു. മുസ്ലിംകള്‍ നിരന്തരമായി ആദിവാസി പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്നുവെന്ന കെട്ടുകഥകളും വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടു.
മുസ്ലിം വിരുദ്ധ കലാപം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പോലീസ് മുസ്ലിംകളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. സ്പതംബര്‍ 4ന് നടന്ന അക്രമത്തില്‍ പോലീസ് മൂകസാക്ഷികളായി നിന്നതായും വസ്തുതാന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.
റിട്ടയേഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഡിഎസ്പിയും എസ്പിയും ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ മാറ്റണമെന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടു.





