25
Apr 2024
Sat
25 Apr 2024 Sat
mm varghese cpm

തൃശൂര്‍: സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ആദായ നികുതി വകുപ്പ് ഇന്നലെ നടത്തിയ റെയ്ഡിന് പിന്നാലെയാണ് നടപടി. അക്കൗണ്ടില്‍ അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്നു. അതേസമയം തങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ സുതാര്യമാണെന്ന് ജില്ലാ നേതൃത്വം പ്രതികരിച്ചു. നാല് കോടി 80 ലക്ഷം രൂപയാണ് ബാങ്കില്‍ ഇപ്പോഴത്തെ ബാലന്‍സ്. കഴിഞ്ഞ ദിവസം ഇഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി. ( income-tax-department-targets-cpms-thrissur-committee-account )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1998ല്‍ തുടങ്ങിയ അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്.
1998ല്‍ തുടങ്ങിയ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതില്‍ ഒരു കോടി രൂപ ഫിക്‌സഡ് ഡിപ്പോസിറ്റാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ഒരു കോടി രൂപ പിന്‍വലിച്ചിരുന്നു. ഈ പണം ചെലവഴിക്കരുതെന്ന് ഇന്‍കംടാക്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഒന്നും ഒളിപ്പിക്കാനില്ലെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്റെ പ്രതികരണം. ”ബാങ്ക് ഓഫ് ഇന്ത്യയില്‍ പാര്‍ട്ടിക്ക് അക്കൗണ്ട് ഉണ്ട്. നിയമം പാലിച്ചാണ് ബാങ്ക് ഇടപാടുകള്‍. ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിട്ടില്ല.” എം.എം. വര്‍ഗീസ് വ്യക്തമാക്കി.

അതേ സമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നിര്‍ദേശം നല്‍കി. തിങ്കളാഴ്ച കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. തൃശൂര്‍ ജില്ലയില്‍ മാത്രം വിവിധ സഹകരണ ബാങ്കുകളിലായി സിപിഐഎമ്മിന് 81 അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ഇതില്‍ അഞ്ചു അക്കൗണ്ടുകള്‍ കരുവന്നൂരില്‍ ആണെന്നും ഇഡി കണ്ടെത്തി.

ഈ 81 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ എംഎം വര്‍ഗീസിനോട് ചോദിച്ചിരുന്നെങ്കിലും വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങള്‍ പറയുന്നു.