വാഷിങ്ടണ്‍: അമേരിക്കയില്‍ ക്രിമിനല്‍ സംഘടനകള്‍ക്ക് മയക്ക് മരുന്ന് ഉല്‍പ്പാദനത്തിനുള്ള രാസവസ്തുക്കള്‍ നല്‍കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ചൈനയും. (‘India and china supporting drug trafficking in America’) നിയമവിരുദ്ധ ഫെന്റനൈല്‍ മയക്കുമരുന്ന് ഉത്പാദനത്തിനായി രാസവസ്തുക്കള്‍ നേരിട്ടും അല്ലാതെയും വിതരണം ചെയ്യാന്‍ സഹായിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയെയും ചൈനയെയും ഉള്‍പ്പെടുത്തി യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
|
നേരിട്ടോ അല്ലാതെയോ ഇന്ത്യയും ചൈനയും യു.എസില്‍ മയക്കുമരുന്ന് കടത്ത് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ഷിക ഭീഷണി വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയിലേക്ക് കടത്തപ്പെടുന്ന ഏറ്റവും മാരകമായ മയക്കുമരുന്നുകളിലൊന്നാണ് ഫെന്റനൈല്‍. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ 52,000ത്തിലധികം അമേരിക്കക്കാരുടെ ജീവന്‍ ഈ ലഹരി അപഹരിച്ചതായും യുഎസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റിയുടെ ത്രെറ്റ് അസ്സെസ്സ്‌മെന്റ് റിപ്പോര്‍ട്ട് പറയുന്നു.
ALSO READ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജ്യോതിഷ് കുമാര്‍ വധശ്രമക്കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ വെറുതെവിട്ടു
‘മയക്കുമരുന്ന് കടത്തുകാര്‍ക്ക് നേരിട്ടും അല്ലാതെയും പലവിധ സഹായങ്ങള്‍ നല്‍കിക്കൊണ്ട് ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കയില്‍ മയക്കുമരുന്ന് കടത്ത് പ്രോത്സാഹിപ്പിക്കുന്നു. നിയമവിരുദ്ധമായ ഫെന്റനൈല്‍ രാസവസ്തുക്കളുടെയും ഗുളികകള്‍ പൊടിക്കുന്ന ഉപകരണങ്ങളുടെയും പ്രാഥമിക ഉറവിട രാജ്യം ചൈനയാണ്, തൊട്ടുപിന്നില്‍ ഇന്ത്യയാണ്,’ യു.എസ് നാഷണല്‍ ഇന്റലിജന്‍സ് (ഡി.എന്‍.ഐ) ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡിന്റെ ഓഫീസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.
ഓപിയോയിഡ് ഫെന്റനൈല്‍ നിര്‍മിക്കാന്‍ മയക്കുമരുന്ന് കാര്‍ട്ടലുകള്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ വിതരണത്തില്‍ ഇന്ത്യ ചൈനയുടെ അതേ നിലയില്‍ എത്തുന്നത് ഇതാദ്യമായാണ്.
കഴിഞ്ഞ വര്‍ഷത്തെ ഭീഷണി വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നിന്നുള്ള സഹായം വളരെ കുറവായിരുന്നു. എന്നാല്‍, അന്നും ചൈന പ്രാഥമിക വിതരണക്കാരനാണെന്നായിരുന്നു അമേരിക്കയുടെ വിലയിരുത്തല്‍.
ഫെബ്രുവരി ഒന്നിന് അമേരിക്കയിലേക്ക് ലഹരി എത്തിക്കുന്നുവെന്നാരോപിച്ച് ചൈനയ്ക്ക് 10% അധിക തീരുവയും, അതിര്‍ത്തിയില്‍ മതിയായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോപിച്ച് കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25% അധിക തീരുവയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തിയിരുന്നു.


