28
May 2025
Fri
28 May 2025 Fri
ins vikrant

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇരു ഭാഗത്തും നുണപ്രചാരണവും കൊഴുക്കുന്നു. (India- Pakistan Conflict: Fake news and video spreading) പഴയ വീഡിയോകളും ദൃശ്യങ്ങളും ഉപയോഗിച്ച് ഇരു ഭാഗത്തും വലിയ അവകാശവാദങ്ങളാണ് ഉയര്‍ത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, ചില പ്രമുഖ ചാനലുകളും ഈ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എബിപി ന്യൂസിന്റെ ബംഗാളി ഭാഷയിലുള്ള ചാനലായ എബിപി അനന്ദ പുറത്തുവിട്ട 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൈവ് ബ്രോഡ്കാസ്റ്റിനിടെയാണ് ഈ ദൃശ്യങ്ങള്‍ കാണിച്ചത്. ”നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് കറാച്ചിയാണ്, കറാച്ചി പൂര്‍ണമായും തകര്‍ത്തു തരിപ്പണമാക്കി” എന്നാണ് ആങ്കര്‍ പറയുന്നത്. ഐഎന്‍എസ് വിക്രാന്ത് നടത്തിയ ആക്രമണത്തിലാണ് കറാച്ചിയെ ചുട്ടുചാമ്പലാക്കിയത് എന്ന് മറ്റൊരു ആങ്കര്‍ തട്ടിവിടുന്നുണ്ട്.

നിരവധി കാറുകള്‍ പാര്‍ക്ക് ചെയ്തിട്ടുള്ള ഒരു സ്ഥലം സ്‌ഫോടനത്തില്‍ പൂര്‍ണമായും തീവിഴുങ്ങിയ നിലയിലാണ് ദൃശ്യത്തിലുള്ളത്. ”നിങ്ങളുടെ കുട്ടികളെയും പ്രായമാവരെയും കൂട്ടി വീട് പൂട്ടി വേഗം സ്ഥലം വിട്ടോ” എന്ന് ഉറുദുവില്‍ പറയുന്ന ഓഡിയോയോട് കൂടിയാണ് ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഈ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടുകളും എബിപി വാര്‍ത്തകളുടെ കൂടെ ഉപയോഗിച്ചു. ”ബിഗ് ബ്രേക്കിങ്, ഐഎന്‍എസ് വിക്രാന്തിന്റെ വന്‍ ആക്രമണം. വന്‍ സ്‌ഫോടനം, ഇന്ത്യയുടെ തുടര്‍ച്ചയായ ആക്രമണത്തില്‍ കറാച്ചി പൂര്‍ണമായും തകര്‍ക്കപ്പെട്ടു”- എന്ന തലക്കെട്ടോട് കൂടിയാണ് എബിപി ന്യൂസ് ഇത് എക്‌സില്‍ പങ്കുവച്ചത്.

നിരവധി സംഘപരിവാര ഐഡികളും സമാന ദൃശ്യങ്ങള്‍ ഇന്ത്യ കറാച്ചി പൂര്‍ണമായും തകര്‍ത്തു എന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു.

എന്നാല്‍, ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ട് വന്നതോടെ വീഡിയോയും സ്‌ക്രീന്‍ ഷോട്ടുകളും ചാനല്‍ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചു.

2025 ഫെബ്രുവരി 1ലെ വിമാനാപകടം
കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ 2025 ഫെബ്രുവരി 1ന് ത്രെഡ്‌സില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം ലഭിച്ചു. ”മറ്റൊരു അപകടം, ഫിലാഡെല്‍ഫിയയിലെ ജനവാസപ്രദേശത്ത് മെഡിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് വിമാനം തകര്‍ന്നു വീണു” എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.

filadelphia plane crash

ഈ സൂചന ഉപയോഗിച്ച് നടത്തിയ കീവേഡ് സെര്‍ച്ചില്‍ ഫെബ്രുവരി 1ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ലഭിച്ചു. ഇതിന്റെ 25ആം സെക്കന്റില്‍ ഇപ്പോള്‍ പ്രചരിക്കുന്ന അതേ ദൃശ്യങ്ങളുണ്ട്. ഇതില്‍ ഈ വീഡിയോ അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ നടന്ന അപകടത്തിന്റെ ദൃശ്യമാണ് ഇതെന്ന് വ്യക്തമായി.

സ്വന്തം വിമാനം തകര്‍ന്ന വീഡിയോ ഇന്ത്യയുടേതാക്കി പാകിസ്താന്‍
ഏപ്രിലില്‍ സ്വന്തം വിമാനം തകര്‍ന്ന ദൃശ്യങ്ങള്‍ പങ്കുവച്ചായിരുന്നു പാകിസ്താന്റെ നുണ പ്രചാരണം. മെയ് 7ന് ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഏതാനും പേര്‍ തകര്‍ന്ന് കിടക്കുന്ന ഒരു വിമാനത്തിന് ചുറ്റും കൂടിനില്‍ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ബഹാവല്‍പൂരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വിമാനം പാക്ക് പ്രതിരോധ സേന വീഴ്ത്തി എന്നായിരുന്നു പ്രചാരണം. ഇന്ത്യയുടെ റാഫേല്‍ വിമാനം വീഴ്ത്തി എന്നും പൈലറ്റ് കൊല്ലപ്പെട്ടു എന്നും ചില ട്വിറ്റര്‍ അക്കൗണ്ടുകള്‍ പ്രചരിപ്പിച്ചു.

rafale

എന്നാല്‍, റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ഈ വര്‍ഷം ഏപ്രില്‍ 15ന് പോസ്റ്റ് ചെയ്ത ഇന്‍സറ്റഗ്രാം പോസ്റ്റ് കണ്ടെത്തി. പാകിസ്താന്‍ എര്‍ഫോഴ്‌സിന്റെ മിറാഷ് വിമാനം റത്ത തിബ്ബ ജില്ലയില്‍ തകര്‍ന്ന് വീണതിന്റെ ദൃശ്യങ്ങളാണ് ഇതെന്ന് അടിക്കുറിപ്പില്‍ പറയുന്നു. യുട്യൂബിലും സമാന വീഡിയോ കണ്ടെത്തി. ഏപ്രില്‍ 16ന് വിവിധ വാര്‍ത്താ മാധ്യമങ്ങളും ഇക്കാര്യം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.