28
May 2025
Sat
28 May 2025 Sat
Indian airports closed

സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. (India Pakistan News Live: Pakistan drone attack; 32 Indian airports closed) മെയ് 9 മുതല്‍ മെയ് 14 വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനവും പാകിസ്ഥാന്‍ രാത്രി ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വടക്ക്, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ അടച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ഇന്നലെ ഡ്രോണ്‍ ആക്രമണം നടത്തിയത്. അധംപുര്‍, അംബാല, അമൃത്സര്‍, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജമ്മു, ജയ്സാല്‍മിര്‍, ജോധ്പുര്‍, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലെ, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്.

ALSO READ: പാകിസ്താന്‍ വ്യോമതാവളങ്ങളില്‍ ആഞ്ഞടിച്ച് ഇന്ത്യ; പഞ്ചാബിലും കശ്മീരിലും സ്‌ഫോടനങ്ങള്‍

ഈ വിമാനത്താവളങ്ങളില്‍ നിന്നുള്ള എല്ലാ സിവിലിയന്‍ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

മെയ് 8ന് ഇന്ത്യയിലെ 24 വിമാനത്താവളങ്ങള്‍ അടച്ചിരുന്നു. പിന്നീട് ഇത് മെയ് 15വരെയാക്കി നീട്ടി.

യാത്രക്കാര്‍ നേരത്തേ എത്തണം

അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ പരിശോധന കൂടുതല്‍ കര്‍ശനമാക്കിയതിനാല്‍ യാത്രക്കാര്‍ നേരത്തേ എത്തണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാല്‍) അധികൃതര്‍ അറിയിച്ചു. വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ അഞ്ചുമണിക്കൂര്‍ മുമ്പും ആഭ്യന്തര യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പും വിമാനത്താവളത്തില്‍ എത്തണം.

സാധാരണയുള്ള പരിശോധനകള്‍ക്ക് പുറമെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ് മറ്റൊരു പരിശോധനകൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാലാണ് യാത്രക്കാരോട് നേരത്തേ എത്തണമെന്ന് നിര്‍ദേശം നല്‍കിയത്.സുരക്ഷ ശക്തമാക്കിയതിനെത്തുടര്‍ന്ന് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെയും വാഹനങ്ങളും കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. ബാഗേജുകളും വിശദമായി പരിശോധിക്കുന്നുണ്ട്.

അതേസമയം പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിര്‍ത്തി ജില്ലകളില്‍ ജാഗ്രത പാലിക്കണം. പ്രാദേശിക സര്‍ക്കാറുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന്റെ ഡ്രോണ്‍ ആക്രമണം നടന്നത്.