ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യയുടെ സമഗ്രമായ കണക്കെടുപ്പും സാമൂഹിക, സാമ്പത്തിക വിശദാംശങ്ങളും ശേഖരിക്കുന്ന സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്നിന് തുടങ്ങും. (India to conduct census in 2027 in two phases) ഇതോടൊപ്പം സ്വാതന്ത്ര ഇന്ത്യയില്‍ ആദ്യമായി ജാതി സെന്‍സസും നടക്കും.
|
ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും സെന്‍സസ് നടപടികള്‍ 2026 ഒക്ടോബറില്‍ ആരംഭിക്കും. ഇവിടങ്ങളില്‍ മാര്‍ച്ചില്‍ ശൈത്യകാലമായിരിക്കും എന്നതുകൊണ്ടാണിത്.
സെന്‍സസിനൊപ്പം ജാതി, ഉപജാതി വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ 30ന് തീരുമാനിച്ചിരുന്നു. അതിനുള്ള ചോദ്യാവലികള്‍ പൊതു സെന്‍സസിനൊപ്പമുണ്ടാകും. ജാതി സെന്‍സസ് ഏറ്റവുമൊടുവില്‍ നടന്നത് 1931ല്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലാണ്.
ALSO READ: ഒറ്റ വിസയില്‍ ആറ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഏകീകൃത ഗള്‍ഫ് വിസ ഈ വര്‍ഷം അവസാനം
2011ലാണ് രാജ്യത്ത് ഏറ്റവുമൊടുവില്‍ പൊതു സെന്‍സസ് നടന്നത്. സാധാരണ പത്തുവര്‍ഷം കൂടുമ്പോഴാണ് സെന്‍സസ് നടത്തുന്നത്. കോവിഡ് കാരണമാണ് 2021ലെ സെന്‍സസ് മാറ്റിവയ്‌ക്കേണ്ടിവന്നതെന്ന ന്യായീകരണമാണ് ഇന്നലെ ആഭ്യന്തര മന്ത്രാലയം നല്‍കിയത്. എന്നാല്‍, കോവിഡ് കഴിഞ്ഞിട്ടും ഏതാനും വര്‍ഷം സെന്‍സസ് പ്രഖ്യാപനം വൈകിയതിനെക്കുറിച്ചു സര്‍ക്കാര്‍ മൗനം പാലിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ സെന്‍സസ് നടത്തുമെന്നാണ് 2023 സെപ്റ്റംബറില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ഒരുവര്‍ഷം തികയാന്‍ 5 ദിവസം ബാക്കിയുള്ളപ്പോഴാണു സെന്‍സസ് പ്രഖ്യാപനം. ജാതി സെന്‍സസും നടത്തുമെന്നു കഴിഞ്ഞമാസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
സെന്‍സസിനൊപ്പം ജാതി സെന്‍സസും വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതാണ്.
പൂര്‍ണവിവരങ്ങള്‍ക്ക് 3 വര്‍ഷം
2027ലെ സെന്‍സസിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവരാന്‍ 3 വര്‍ഷമെടുക്കുമെന്നാണ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. ലോക്‌സഭ, നിയമസഭ മണ്ഡല പുനര്‍നിര്‍ണയം 2026നുശേഷമുള്ള ആദ്യ സെന്‍സസിലെ കണക്കുകളുടെ അടിസ്ഥാനത്തിലെന്നാണ് ഭരണഘടനയില്‍ 82, 170 വകുപ്പുകളിലായി വ്യക്തമാക്കിയിട്ടുള്ളത്. ഇതു പരിഗണിക്കുമ്പോള്‍, 2027ലെ കണക്കുകളെ അടിസ്ഥാനമാക്കി മണ്ഡലപുനര്‍നിര്‍ണയമാകാം.
എന്നാല്‍, ഇപ്പോഴത്തെ സമയക്രമം പരിഗണിക്കുമ്പോള്‍, മണ്ഡലപുനര്‍നിര്‍ണയം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുന്‍പ് ഉണ്ടാകില്ല. വനിതാ സംവരണം നടപ്പാകാനും മണ്ഡലപുനര്‍നിര്‍ണയം വരെ കാത്തിരിക്കണം. വനിതാ സംവരണ മണ്ഡലങ്ങള്‍ തീരുമാനിച്ചാല്‍, ആദ്യം അത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രാബല്യത്തിലാക്കുന്നതിനും തടസ്സമില്ല. എന്നാല്‍, ‘ഒരുരാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’എന്ന പദ്ധതി നടപ്പായാല്‍ അതു ചില നിയമസഭകളുടെ കാലാവധിയെ ബാധിക്കാമെന്നതും കണക്കിലെടുക്കേണ്ടിവരും.
മണ്ഡലപുനര്‍നിര്‍ണയം സെന്‍സസിനു ശേഷം നടത്താന്‍ സര്‍ക്കാരിനു ഭരണഘടനാപരമായ വാദം ഉന്നയിക്കാമെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്തു നിലപാടു സ്വീകരിക്കുമെന്നാണു കാണേണ്ടത്.
ജനസംഖ്യയുടെ മാത്രം അടിസ്ഥാനത്തില്‍ ലോക്‌സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കുന്നതു തങ്ങള്‍ക്കു വലിയ നഷ്ടമുണ്ടാക്കുമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുള്ളത്.
1971ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മാത്രമേ പുനര്‍നിര്‍ണയം പാടുള്ളുവെന്നും തല്‍ക്കാലം നടപടികള്‍ 25 വര്‍ഷത്തേക്കുകൂടി മരവിപ്പിക്കണമെന്നുമാണു ചെന്നൈയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന യോഗം ആവശ്യപ്പെട്ടത്.
ആദ്യ സെന്‍സസ്
ഇന്ത്യയിലെ ആദ്യ സെന്‍സസ് നടന്നത് 1881ല്‍. അന്നു ജാതികളുടെ കണക്കെടുത്തെങ്കിലും സാമൂഹികസ്ഥിതി പരിഗണിച്ചില്ല. പിന്നീടുള്ള ഓരോ 10 വര്‍ഷവും സെന്‍സസ് തുടര്‍ന്നപ്പോള്‍ ജാതികളുടെ കണക്കും സ്ഥിതിയും രേഖപ്പെടുത്തി.
ബ്രിട്ടിഷ് ഭരണകാലം മുതല്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും നടത്തിവന്ന ജനസഖ്യാകണക്കെടുപ്പ് 2021ല്‍ കോവിഡിനെ തുടര്‍ന്നാണ് ആദ്യമായി മുടങ്ങിയത്. ഇപ്പോള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ ജാതി സെന്‍സസിനു കൂടിയാണു കളമൊരുങ്ങുന്നത്.


