ന്യൂഡല്‍ഹി: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനംചെയ്ത ‘ഹര് ഘര്‍ തിരംഗ’ (എല്ലാ വീട്ടിലും ത്രിവര്‍ണപതാക) പ്രചാരണം പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടിയായിരുന്നുവെന്ന് ആരോപണം. എല്ലാ വീട്ടിലും ദേശീയപതാക ഉയര്‍ത്തി ചിത്രങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ ചിത്രങ്ങളും വിരങ്ങളും അപ്ലോഡ്ചെയ്ത വെബ്സൈറ്റ് സ്വകാര്യ സംഘത്തിന്റെതായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ്, ദേശസ്നേഹത്തിന്റെ പേരിലുള്ള പ്രചാരണം സ്വകാര്യവിവരങ്ങള്‍ ചേര്‍ത്താനുള്ള നീക്കമായിരുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
|
എല്ലാ വീടുകളിലും പതാത ഉയര്‍ത്തണമെന്നും അതിന്റെ ചിത്രങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം. കൂടാതെ വീടിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ചിത്രത്തോടൊപ്പം അപ്ലോഡ്ചെയ്യാന് നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരം ഓഗസ്റ്റ് 15ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആറുകോടിയിലേറെ വീട്ടുകാരാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തത്. പേര്, ഫോണ്‍ നമ്പര്‍, കുടുംബത്തിന്റെതുള്പ്പെടെയുള്ള ചിത്രങ്ങള്‍, ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള പൗരന്മാരുടെ വിവരശേഖരമാണ് ഇതുവഴി കമ്പനിക്ക് ലഭിച്ചത്.
ഹര്ഘര്തിരംഗഡോട്ട് കോം എന്ന സൈറ്റിലായിരുന്നു ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാനായിരുന്നു നിര്‍ദേശം. ആകെ 6,14,06,803 പേരാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ഇതില്‍ അഞ്ചുകോടിയോളം പേരാണ് മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ കൈമാറിയത്. വെബ്സൈറ്റിന്റെ ഹോംപേജിലെ സെല്‍ഫിയില്‍ ക്ലിക്ക്ചെയ്യുന്നതോടെ അപ്ലോഡ് ചെയ്ത പ്രമുഖരാണ് മുഖപേജിലുള്ളത്. അമിത്ഷാ, അമിതാഭ്ഭച്ചന്, രജനികാന്ത്, അനുപംഖേര്‍, സച്ചിന് ടെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ തുടങ്ങിയരുടെ സെല്‍ഫികളാണ് ആദ്യ ഭാഗത്തുള്ളത്. ഈ ചിത്രങ്ങളെല്ലാം പൊതുജനങ്ങള്‍ക്കും ലഭ്യമാകുന്ന വിധത്തിലാണ്. എന്നാല്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിയന്ത്രിക്കപ്പെട്ടതാണ്.
ലോകത്തെ തന്നെ ഏറ്റവും വലിയ ജിയോടാഗിങ് പരിപാടി ആയിരുന്നു ഹര് ഘര്‍ തിരംഗ എന്ന പേരില്‍ നടന്നതെന്നാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട്ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ റെസ്റ്റ് ഓഫ് വേള്‍ഡ് പറയുന്നത്. ജൂലൈയില്‍ ഹൈദരാബാദില്‍ ചേര്‍ന്ന ബി.ജെ.പി നേതാക്കളുടെ യോഗത്തില്‍ പാര്‍ട്ടി പ്രചാരണത്തിനായി പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ആശയം രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ദരരാജെ സിന്ധ്യയാണ് പങ്കുവച്ചത്. അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി 20 കോടിയാളുകളിലേക്ക് പ്രചാരണം എത്തിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇത് നടപ്പാക്കാനായി സാംസ്കാരികമന്ത്രാലയം നോഡല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതോടെ വലിയ പ്രചാരണം ലഭിക്കുകയും ചെയ്തു.
പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ടായിരുന്ന വിവര സുരക്ഷാ ബില്ല് പ്രചാരണപരിപാടിക്ക് തൊട്ടുമുമ്പായി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത് ഇതുമായി കൂട്ടിവായിച്ചാല്‍ ബി.ജെ.പി സര്‍ക്കാരിന്റെ നടപടിക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും സൈബര്‍ ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.
Indian citizen data on Har Ghar Tiranga website raises privacy concerns



