ജിദ്ദ: ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ ഇഫ്താർ സംഗമവും വാർഷിക ജനറൽബോഡി യോഗവും സെന്റർ അങ്കണത്തിൽ വെച്ചു നടന്നു. സംഗമം ഇസ്‌ലാഹി സെന്റർ ഡയറക്റ്റർ ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ഉദ്ഘാടനം ചെയ്‌തു. റമദാനിലൂടെ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തിലുടനീളം നിലനിർത്താൻ വിശ്വാസികൾ ജാഗരൂകരാകണമെന്നും പ്രാർഥനകൾ കൊണ്ടും ദൈവസ്മരണകൊണ്ടും രാപ്പകലുകൾ ധന്യമാക്കണമെന്നും ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി പറഞ്ഞു.
|
റമദാൻ അവസാനത്തോടടുക്കുമ്പോൾ, കഴിഞ്ഞുപോയ ദിനങ്ങളെക്കുറിച്ച് വിലയിരുത്തുകയും പോരായ്മകൾ തിരുത്തി അവസാന ദിനങ്ങളെ കൂടുതൽ കർമോൽസുകമാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണം. കഴിഞ്ഞുപോയ ദിനങ്ങളിലെ പോരായ്മകളെ ഓർത്ത് നിരാശരാവാതെ വരുംദിനങ്ങളെ അർഥപൂർണമാക്കാൻ തയ്യാറായാൽ റമദാനിനെ സന്തോഷത്തോടെ യാത്രയാക്കാൻ നോമ്പുകാരന് സാധിക്കുമെന്ന് സംഗമത്തിൽ സംസാരിച്ച സെന്റർ ഡയറക്റ്റർ ശൈഖ് ഹമൂദ് മുഹമ്മദ് അൽ ശിമംരി പറഞ്ഞു.
സാമ്പത്തിക വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും അല്ലാഹുവിന്റെ ഔദാര്യമായി തനിക്ക് ലഭിച്ച സമ്പത്തിൽ നിന്നും സകാത്തിന്റെ വിഹിതം അതിന്റെ അവകാശികൾക്ക് കൃത്യമായി നൽകാൻ വിശ്വാസികൾ തയ്യാറാകണമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച ഇസ്‌ലാഹി സെന്റർ പ്രബോധകൻ ശമീർ സ്വലാഹി ഓർമിപ്പിച്ചു.
ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷക്കീൽ ബാബു പ്രവർത്തന റിപോർട്ടും ട്രഷറർ സലാഹ് കാരാടൻ സാമ്പത്തിക റിപോർട്ടും അവതരിപ്പിച്ചു. ബഷീർ വള്ളിക്കുന്ന്, അബ്ദുസ്സലാം ചെമ്മല, അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ, അൻവർ അബ്ദുറഹ്മാൻ, മൻസൂർ കെ. സി എന്നിവർ സംസാരിച്ചു. ജരീർ വേങ്ങര സ്വാഗതവും അബ്ദുൽ ജലീൽ സി.എച്ച് നന്ദിയും പറഞ്ഞു.


