20
Apr 2023
Tue
20 Apr 2023 Tue

സിഡ്നി: വ്യാജജോലി വാഗ്ദാനം നൽകി കൊറിയൻ യുവതികളെ പീഡിപ്പിക്കുകയും നഗ്‌നവിഡിയോ പകർത്തുകയും ചെയ്തതടക്കമുള്ള നിരവധി കേസുകളിൽ ആസ്ട്രേലിയയിലെ ബി.ജെ.പി പ്രവാസി സംഘടനാ മുൻ നേതാവ് കുറ്റക്കാരൻ. ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബി.ജെ.പി(ഒ.എഫ്.ബി.ജെ.പി) ആസ്ട്രേലിയ ഘടകം സ്ഥാപക പ്രസിഡന്റായ ബാലേഷ് ധൻക്കറിനെതിരെയാണ് സിഡ്നി കോടതി ഗുരുതര കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിഡ്‌നിയുടെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലൈംഗിക കുറ്റകൃത്യമാണ് ബാലേഷിനെതിരെ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ‘ദി സിഡ്‌നി മോണിങ് ഹെറാൾഡ്’ റിപ്പോർട്ട് ചെയ്തു. കേസിൽ അടുത്തമാസ ഇയാൾക്കെതിരേ ശിക്ഷ വിധിക്കും.

വ്യാജ ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന അഞ്ച് കൊറിയൻ യുവതികളുടെ പരാതികൾക്ക് പിന്നാലെയാണ് ബാലേഷിനെതിരെ ആസ്‌ട്രേലിയൻ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. കട്ടിലിനരികിലും അലാറം ക്ലോക്കിലും ഫോണിലും ഒളിപ്പിച്ച ക്യാമറ ഉപയോഗിച്ച് ലൈംഗികാതിക്രമങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു.

2018 ജനുവരിക്കും ഒക്ടോബറിനും ഇടയിൽ നടന്ന 39 കുറ്റങ്ങളാണ് ബാലേഷിനെതിരെ ചുമത്തിയിരിക്കുന്നത്. 13 ലൈംഗിക പീഡന കേസുകൾ, സമ്മതമില്ലാതെ നഗ്‌ന വീഡിയോ പകർത്തിയ 17 കേസുകൾ, ആറ് മയക്ക് മരുന്ന് കേസ്, മൂന്ന് ശാരീരികോപദ്രവം എന്നിവയാണ് ഇയാൾക്കെതിരെ ചുമത്തിയ കേസുകൾ.

2017ൽ കൊറിയൻ വിവർത്തകർക്കായി ഒരു വ്യാജ ജോലി പരസ്യം ബാലേഷ് നൽകിയിരുന്നു. തുടർന്ന് അഭിമുഖം നടത്തണമെന്ന വ്യാജേന സ്ത്രീകളെ രാത്രി ഭക്ഷണത്തിന് ക്ഷണിക്കും. മയക്കുമരുന്നോ, ലഹരിവസ്തുക്കളോ കലർത്തിയ വെള്ളം കുടിക്കാൻ നൽകി ബോധരഹിതരാക്കിയ സ്ത്രീകളെ തൊട്ടടുത്തുള്ള ബാലേഷിന്റെ ഫ്ലാറ്റിലേക്ക് കൊണ്ടു പോയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കൊറിയൻ യുവതികളെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുന്ന മണിക്കൂറുകൾ ദൈർഘ്യമുള്ള 47 വിഡിയോ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ ബി.ജെ.പി സ്ഥാപക നേതാവായ ബാലേഷ് ആസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും പ്രബലരായ നേതാക്കളിലൊരാളായിരുന്നു. ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ മുൻ നേതാവുകൂടിയാണ്. 2014ൽ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശന പരിപാടികളുടെ മുഖ്യസംഘാടകനായിരുന്നു. സിഡ്‌നി ട്രെയിൻസിൽ ഡാറ്റ വിഷ്വലൈസേഷൻ കൺസൾട്ടന്റ് ആയി പ്രവർത്തിച്ച ഇയാൾ എ.ബി.സി, ഫൈസർ തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്.