15
Jun 2024
Sun
15 Jun 2024 Sun
indraprasthathile atheenthreeyangal

ശംസീര്‍ ചാത്തോത്ത്/ ചെറുവാഞ്ചേരിക്കാന്‍

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇസ്മായില്‍ മേലടിയുടെ ”ഇന്ദ്ര പ്രസ്ഥത്തിലെ അതീന്ദ്രിയങ്ങള്‍” 1987/1997 കാലങ്ങളിലേ പത്രപ്രവര്‍ത്തന മേഖലകളിലെ അനുഭവക്കുറിപ്പുകളാണ്. ചരിത്രപരമായും രാഷ്ട്രീയമായും തന്ത്രപ്രധാനമായ, ലോകത്തിലെ തന്നെ പഴക്കം ചെന്ന ഒരു നഗരത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന കൃതി.

ചരിത്രമുറങ്ങിക്കിടക്കുന്ന ഡല്‍ഹി, ഓര്‍മകളെ തലതല്ലി മരിക്കാന്‍ അനുവദിക്കാതെ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന ചരിത്ര സത്യങ്ങളുടെ കൃതി. ദില്ലിയിലെ ഗല്ലികളില്‍ ഗസലുമായി അലഞ്ഞു തിരിയുന്ന മിര്‍സാ ഗാലിബിന്റെ ആത്മാവിനെ തൊട്ടറിഞ്ഞാണ് ലേഖനത്തിന്റെ ആരംഭം.

”ഒരുദിനമെന്നാത്മാവോട് ചോദിച്ചു
എന്താണീ ദില്ലിയെന്ന്
അപ്പോള്‍ മറുപടിയിങ്ങനെയുരചെയ്തു
ഈയുലകൊരു ശരീരമെന്നാകില്‍
ദില്ലിയതിന്‍ ജീവന്‍ താന്‍”

”ഈ ലോകമൊരു ശരീരമാണെങ്കില്‍ ഡല്‍ഹി അതിന്റെ ജീവനാണെന്ന്” ഗാലിബിന്റെ വരികളെ അന്വര്‍ഥമാക്കും വിധം ഡല്‍ഹിയുടെ മനോഹാരിത വര്‍ണിച്ച് ആദ്യ ലേഖനം കൊണ്ട് തന്നെ അനുവാചകര്‍ക്ക് ഈ പുസ്തകത്തിലൂടെ വേറിട്ടൊരു വിരുന്നൊരുക്കുകയാണ് എഴുത്തുകാരന്‍. ചരിത്രവും വര്‍ത്തമാനവും ഒരേ പോയിന്റില്‍ വിവരിക്കുന്ന ലേഖനസമാഹാരം. മറഞ്ഞുപോയവരില്‍ പലരും ദില്ലിയെ തൊട്ടറിഞ്ഞതെങ്ങനെയാണെന്ന് വിവരിക്കുമ്പോള്‍ അവര്‍ക്കൊപ്പം ലേഖകന്‍ നടന്നു തീര്‍ത്ത വഴിയോരങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോവുന്നു.. അയോധ്യയിലേക്കുള്ള അസ്ഥികൂട വാഹനയാത്രയോടൊപ്പം നമുക്ക് സഞ്ചരിക്കാനാവുന്നതും ആസ്വാദ്യകരമായ വര്‍ണനയാണ്.

ചരിത്രത്തില്‍ ഡല്‍ഹി, ഏഴ് ഡല്‍ഹി ഉണ്ടായിട്ടുണ്ടെന്നും, പറഞ്ഞുകൊണ്ടിരിക്കുന്ന ഡല്‍ഹി എട്ടാമനാണെന്നും ഈ അടുത്ത കാലങ്ങളില്‍ ഡല്‍ഹിയുടെ ഉടയാടകള്‍ മാറ്റിയെടുത്തിട്ടുണ്ടെന്നും പറഞ്ഞു പോവുമ്പോള്‍ ഇന്നത്തെ ഡല്‍ഹിയെ ഒമ്പതാമനായി കണക്കാക്കാമോ എന്ന് ചോദിക്കുന്നുണ്ട്.

ഇ. എം.എസ് നമ്പൂതിരിപ്പാട് , ഓ. വി . വിജയന്‍ , എ കെ ആന്റണി, നായനാര്‍ എന്നിവവരടങ്ങുന്ന കേരള സാഹിത്യത്തിലേയും രാഷ്ട്രീയ മേഖലകളിലെയും പ്രഗത്ഭരായ വ്യക്തിത്വങ്ങള്‍ക്കുടമകളായവരോട് ഇടപെടാന്‍ കഴിഞ്ഞതിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം മറ്റാരില്‍ നിന്നും പറഞ്ഞു കേട്ടിട്ടില്ലാത്ത ചരിത്ര സത്യങ്ങളുടെ വാതില്‍ തുറന്നു വയ്ക്കുകയാണ് ഈ ലേഖനസമാഹാരത്തിലൂടെ. ഡല്‍ഹി മാത്രമല്ല ഒപ്പം അയോധ്യയും ബാബരി മസ്ജിദും, പഞ്ചാബിലെ സുവര്‍ണ ക്ഷേത്രവുമൊക്കെ പുസ്തകത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

മുസ്ലിം ലീഗിന്റെ പിളര്‍പ്പും, സുലൈമാന്‍ സേട്ടും കേരളാ മുസ്ലിം ലീഗും, അക്കാലങ്ങളില്‍ നേരിട്ടറിഞ്ഞ പ്രാധാന്യമേറിയ വാര്‍ത്തകള്‍ ഒപ്പിയെടുത്ത മാധ്യമ പ്രവര്‍ത്തകന്‍ ഇവ അടിവരയിട്ട്, എണ്ണിപ്പറഞ്ഞ്, വിശകലനം ചെയ്താണ് ലേഖനങ്ങള്‍ മുന്നോട്ട് പോവുന്നത്. കഥകളും കവിതകളും നോവലുകളും വായിക്കുന്നതിനിടയില്‍ ലേഖന സമാഹാരങ്ങളുടെ പ്രസ്‌കതിയെന്തെന്ന് ഈ പുസ്തകം കാണിച്ചു തരും.

അനുഭവങ്ങള്‍ അറിവുകളാണ് അത് അനുഭവിക്കുന്നവര്‍ക്കെന്നപോലെ അത് വായിച്ചറിയുന്നവര്‍ക്കും തുല്യമാകും. തള്ളിമാറ്റേണ്ട പുസ്തകമല്ല, വായനയില്‍ ഇടംപിടിക്കേണ്ട ഒന്ന് തന്നെ. ലിപി ബുക്ക്‌സ് ഇറക്കിയ ഈ പുസ്തകത്തിന് വില 160 രൂപ.