
കോഴിക്കോട്: കോഴിക്കോട് കൊളത്തൂരിൽ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. എരമംഗലം സ്വദേശി എൽകെ ബിനീഷാണ് മരിച്ചത്. 43 വയസായിരുന്നു. തിങ്കളാഴ്ച മർദനമേറ്റ ബിനീഷ് മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ഉത്സവപ്പറമ്പിൽ വച്ച് ബിനീഷിന് ആൾക്കൂട്ടം മർദിച്ചത്. ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിന് സമീപത്തെ കുളത്തിന് സമപീം ബിനീഷിനെ അബോധാവസ്ഥയിൽ കാണുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റി. ബിനീഷിന്റെ ശരീരമാകെ മർദനമേറ്റ പാടുകൾ ഉണ്ടായിരുന്നു.
തുടർന്ന് ബന്ധുക്കൾ അന്നുതന്നെ കാക്കൂർ പൊലീസ് സ്്‌റ്റേഷനിൽ പരാതി നൽകി. തുടർന്ന് ബിനിഷിനെ തള്ളിമാറ്റിയ ചിലരെ പൊലീസ് വിളിച്ചുവരുത്തുകയും ചെയ്തു. വാക്കുതർക്കത്തെ തുടർന്ന് ബിനീഷിനെ ക്ഷേത്രത്തിൽ നിന്ന് തള്ളിമാറ്റിയിരുന്നതായും പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ലെന്നുമാണ് അവർ പൊലീസിന് നൽകിയ മൊഴി.
ആൾക്കൂട്ട മർദനമെന്ന ബന്ധുക്കളുടെ പരാതിയിൽ കാക്കൂർ പോലീസ് കേസ് എടുത്തു. ബിനീഷ് ആൾക്കൂട്ട മർദനത്തിൽ മരിച്ചതാണെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ബിനീഷിന്റെ കുടുംബം. ബിനീഷിന്റെ ദേഹത്തും തലയിലും പാടുകൾ ഉണ്ടായിരുന്നെന്നും കുടുംബം പറയുന്നു. പൊലീസിൽ പരാതി നൽകിയിട്ട് നടപടിയുണ്ടായില്ലെന്നും കേസിലെ പ്രതികളെ വിട്ടയച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായി പൊലീസ് അറയിച്ചു. ബിനീഷിന്റെ തലയിലെ ആഴത്തിലുണ്ടായ മുറിവ് വീണപ്പോഴുണ്ടായതാണോ, മർദനമേറ്റിട്ടുണ്ടായതാണോ എന്നതുൾപ്പടെ അറിയണമെങ്കിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമെ പറയാൻ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.