08
Mar 2023
Wed
08 Mar 2023 Wed

അസമത്വത്തിന്റെയും അടിച്ചമർത്തലിന്റെയും നാളുകളിൽ നിന്ന് തുല്യതയുടെയും നീതിയുടെയും ലോകത്തേക്ക് സ്ത്രീ ജന്മങ്ങൾക്ക് ഉയർത്തെഴുന്നേൽക്കാൻ പ്രചോദനമാകേണ്ട ദിനം. ഇന്ന് ലോക വനിതാ ദിനം. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ എല്ലാ സ്ത്രീകളെയുടെയും ഓർമ പുതുക്കാനുള്ള ദിനം കൂടിയാണിത്.

ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ് ഓരോ വനിതാ ദിനവും. 1908ൽ ന്യൂയോർക്കിലെ 15,000 ത്തോളം വനിതാ ജീവനക്കാർ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽസാഹചര്യവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സംഭവമാണ് വനിതാ ദിനാചരണത്തിലേയ്ക്ക് നയിച്ചത്. ജോലി സമയത്തിൽ ഇളവ് വരുത്തുക, ശമ്പളത്തിൽ ന്യായമായ വർധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നൽകുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം.

1909 ഫെബ്രുവരി 28ന് അമേരിക്കയിൽ തെരേസ മൽക്കീൽ, അയ്‌റ സലാസർ എന്നീ വനിതകളുടെ നേതൃത്വത്തിലാണ് ആദ്യമായി വനിതാദിനം ആചരിക്കപ്പെട്ടത്. 1910ൽ കോപ്പൻഹേഗനിൽ 17 രാജ്യങ്ങളിൽ നിന്നുളള 100 പേർ പങ്കെടുത്ത നടന്ന ലോകവനിതാസമ്മേളനം വനിതാദിനാചരണത്തിന് അടുത്ത ചുവടുവയ്പായി. അതിനും ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975ൽ ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ള സ്ത്രീകൾ ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുകയാണ്. അമ്മ, സഹോദരി, ഭാര്യ, അധ്യാപിക, സുഹൃത്ത് അങ്ങനെ ഒരു പെണ്ണ് അവളുടെ ജീവിതത്തിൽ അവതരിപ്പിക്കുന്ന വേഷങ്ങൾ പലതാണ്. സമത്വത്തിന് വേണ്ടി സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ ഈ നൂറ്റാണ്ടിലും തുടരുകയാണ്. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളെ കൂടി ആദരിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. സമത്വത്തെ മുറുകെ പിടിക്കാം എന്നാണ് ഈ വർഷത്തെ വനിത ദിനത്തിന്റെ പ്രമേയം.