ബ്രിട്ടനുവേണ്ടി രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പ്രതിരോധ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന അലിറിസ അക്ബരിയെ ഇറാന് വധശിക്ഷയ്ക്കു വിധേയനാക്കി. ഇറാന്റെ മുന്‍ ഉപ പ്രതിരോധ മന്ത്രിയായിരുന്നു അലിറിസ അക്ബരി. ആണവ രഹസ്യങ്ങളടക്കം ഇറാന്റെ അതീവ രഹസ്യ രേഖകള്‍ 13 വര്‍ഷമായി ബ്രിട്ടനുവേണ്ടി ചോര്ത്തിവരികയായിരുന്നു അലിറിസ അക്ബരിയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. ജനുവരിയിലാണ് ഇറാന് അലിറിസയെ തൂക്കിക്കൊന്നത്. ഉപ പ്രതിരോധ മന്ത്രിക്കു പുറമേ നാവിക സേനയുടെ ഉപദേഷ്ടാവായും പ്രതിരോധമന്ത്രാലയത്തിലെ ഗവേഷകകേന്ദ്രത്തിന്റെ ഒരു വകുപ്പ് മേധാവിയായും അലിറിസ പ്രവര്‍ത്തിച്ചിരുന്നു.
|
ഇറാനിയന്‍ ബോംബിന്റെ പിതാവ് എന്നറിയപ്പെട്ടിരുന്നു മുതിര്‍ന്ന ശാസ്ത്രജ്ഞന് മുഹ് സിന് ഫഖ്രിസാദഹ് അടക്കം നൂറിലേറെ ഇറാന് ഉദ്യോഗസ്ഥരുടെ വിവരങ്ങളും അലിറിസ ബ്രിട്ടനു കൈമാറുകയുണ്ടായി. മുഹ്സിന് ഫഖ്രിസാദഹിനെ 2020ല്‍ ഇസ്രായേല്‍ വധിക്കുകയായിരുന്നു. 1980 മുതല്‍ 1988 വരെ ഇറാന്-ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തയാളാണ് അലിറിസ അക്ബാരി.
2019 മാര്‍ച്ചിനും 2020 മാര്‍ച്ചിനും ഇടയിലുള്ള കാലത്താണ് ഇയാളെ ഇറാന് അറസ്റ്റ് ചെയ്യുന്നത്. 2004ലാണ് അലിറിസ ബ്രിട്ടനു വേണ്ടി ചാരപ്പണി തുടങ്ങിയത്. തനിക്കും കുടുംബത്തിനും സൗജന്യ വിസ അടക്കമുള്ള വാഗ്ദാനമാണ് ഇതിന് ഇയാള്‍ക്ക് ലഭിച്ചത്. 2005ല്‍ അലിറിസ ബ്രിട്ടനില്‍ പോയി ഇടനിലക്കാരനെ സന്ധിച്ചു. 24 ലക്ഷം ഡോളര്‍ അന്ന് വാഗ്ദാനമായി കൈപ്പറ്റി.


