തെഹ്റാന്: രണ്ടാം ഘട്ടത്തിലേക്ക് നീണ്ട ഇറാന് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. . (Iran presidential election 2024 updates: Pezeshkian faces Jalili in run-off) ഇന്നലെ അര്‍ധരാത്രിയോടെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. പാര്‍ലമെന്റംഗം മസൂദ് പെസഷ്കിയാനും സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിയുമാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടിയത്.
|
ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ജൂണ്‍ 28ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ മസൂദ് പെഷസ്കിയാനാണ് കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. പെഷസ്കിയാന് 10.4 ദശലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ജലീലിക്ക് 9.5 ദശലക്ഷം വോട്ടുകളാണ് നേടാനായത്. മുഹമ്മദ് ബഗര്‍ ഗാലിബഫ് 3.4 ദശലക്ഷം വോട്ടുകളും മുസ്തഫ പൗര്‍മുഹമ്മദി 2,06,397 വോട്ടുകളും നേടിയത്.
ഇറാനിലെ നിയമപ്രകാരം മൊത്തം പോള്‍ ചെയ്ത വോട്ടുകളില്‍ 50 ശതമാനത്തിലേറെ നേടിയാല്‍ മാത്രമേ വിജയിയെ പ്രഖ്യാപിക്കൂ. ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മുന്നിലെത്തിയ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വീണ്ടും മത്സരം നടക്കും. ഇറാന്റെ ചരിത്രത്തില്‍ 2005ല്‍ മാത്രമാണ് ഇതിന് മുമ്പ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.

പെഷസ്കിയാന് മുന്‍തൂക്കം
ഇതുവരെയുള്ള കണക്കുകള്‍ വച്ച് മുന്‍ ആരോഗ്യ മന്ത്രി പെഷസ്കിയാനാണ് മുന്‍തൂക്കം. പരിഷ്കരണ വാദിയായ പെഷസ്കിയാന് പടിഞ്ഞാറന്‍ രാജ്യങ്ങളോട് കൂടുതല്‍ തുറന്ന സമീപനം സ്വീകരിക്കണമെന്ന അഭിപ്രായക്കാരനാണ്. രാജ്യത്തെ സാമ്പത്തിക മേഖലയെ ഞെരുക്കുന്ന അമേരിക്കന്‍ ഉപരോധം എടുത്ത് കളയുന്നതിന് ഇത് ആവശ്യമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സാമൂഹ്യമായ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നും പെഷസ്കിയാന് കരുതുന്നു.
എന്നാല്‍, ഇറാന്റെ മുന്‍ ആണവ മധ്യസ്ഥന്‍ കൂടിയായ ജലീലി പടിഞ്ഞാറന്‍ രാജ്യങ്ങളോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് വേണമെന്ന അഭിപ്രായക്കാരനാണ്. റഷ്യയും ചൈനയുമായി രാജ്യം കൂടുതല്‍ അടുക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. അതേസമയം, ആര് ജയിച്ചാലും ഫലസ്തീന് വിഷയം ഉള്‍പ്പെടെ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ ഇറാന്റെ മുന്‍ നിലപാടുകളില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയില്ല.
ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 80 പേരില്‍ ആറുപേര്‍ക്കാണ് ഗാര്ഡിയന് കൗണ്‍സില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയത്.


