20
Jun 2025
Fri
20 Jun 2025 Fri
Iran retaliation

തെഹ്‌റാന്‍: ഇസ്രായേല്‍ ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഇറാന്‍. (Iran retaliation: Over 100 drones launched towards Israel) ഇസ്രായേല്‍ ലക്ഷ്യമാക്കി ഇറാന്‍ നൂറുക്കണക്കിന് ഡ്രോണുകള്‍ വര്‍ഷിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ഒരു മണിക്കൂറില്‍ ഇറാന്‍ ഇസ്രായേലിലേക്ക് 100-ലധികം ഡ്രോണുകള്‍ വിക്ഷേപിച്ചതായി ഐഡിഎഫ് വക്താവ് എഫി ഡെഫ്രിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ഈ ഡ്രോണുകളെല്ലാം പ്രതിരോധിച്ചെന്നാണ് ഇസ്രായേലിന്റെ വാദം.

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ഇസ്രായേലിന്റെ വ്യോമാക്രമണം നടന്നത്. ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍-ഇന്‍-ചീഫ് ഹുസൈന്‍ സലാമിയടക്കം നിരവധി പ്രമുഖര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
സായുധ സേനാ മേധാവി മുഹമ്മദ് ബഗേരി, ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖആനി, ഇറാന്‍ സായുധ സേന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഗുലാം അലി റഷീദ് എന്നിവരും കൊല്ലപ്പെട്ടവരില്‍ പെടുന്നു.

ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രായേലിന്റെ ആക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കയ്‌പേറിയതും വേദനാജനകവുമായ തിരിച്ചടിക്ക് ഇസ്രായേല്‍ കാത്തിരിക്കണമെന്നായിരുന്നു മുന്നറിയിപ്പ്.

ഇറാന്റെ പ്രത്യാക്രമണം ഉടനുണ്ടാകുമെന്നും കരുതിയിരിക്കണമെന്നും രാജ്യത്തുടനീളം ഇസ്രായേലും മുന്നറിയിപ്പ് നല്‍കിയിരുന്നു. നിര്‍ദേശത്തിന് പിന്നാലെ പ്രധാനപ്പെട്ട ഇസ്രായേല്‍ മേധാവികളെല്ലാം ബങ്കറുകളിലേക്ക് മാറി. ഏത് സമയത്തും ആക്രമണം ഉണ്ടാകുമെന്നും കരുതിയിരിക്കണമെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ആശുപത്രികളെല്ലാം സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈനിക മേഖലയിലെ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരോടെല്ലാം തിരിച്ച് ഡ്യൂട്ടിയില്‍ കയറാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇറാന്റെ പ്രതികരണം ഇസ്രായേലില്‍ വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിലൂടെ ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കപ്പെടാനും സാധ്യതയുണ്ട്.

മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടുവെങ്കിലും ഇറാന്റെ സൈനിക ഘടനയ്ക്ക് തകരാറുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വരും മണിക്കൂറുകളില്‍ നിര്‍ണായകമായ തീരുമാനം സൈന്യത്തിന്റെ ഭാഗത്ത് നിന്നുണ്ടാവും. ഇത്തവണത്തെ തിരിച്ചടി മുമ്പുള്ളതില്‍ നിന്ന് വ്യത്യസ്ഥമായിരിക്കുമെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു.

ഇസ്രായേല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇറാന് നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേലിനും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും ഈ അതിസാഹസത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.