ടെല്‍ അവീവ്: ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ സൈനികമേധാവിയും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ നിരവധി പ്രമുഖരും സാധാരണക്കാരും കൊല്ലപ്പെട്ടു. ഇറാന്‍ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ( Islamic Revolutionary Guard Corps) കമാന്‍ഡര്‍ ഇന്‍ ചീഫ് ഹുസൈന്‍ സലാമി, ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഗേരി, ആണവ ശാസ്ത്രജ്ഞരായ മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി, ഫരീദൂന്‍ അബ്ബാസി ഉള്‍പ്പെടെയുള്ള പ്രമുഖരും നിരവധി കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ഇറാനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
|
ഇറാന്റെ പലഭാഗത്തും വ്യോമാക്രമണങ്ങള്‍ നടത്തിയതായും ഡസന്‍ കണക്കിന് ജെറ്റുകള്‍ ഉപയോഗിച്ചതായും ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൈന്യം അറിയിച്ചത്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നിരവധി സ്‌ഫോടനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹുസൈന്‍ സലാമി,
ഇറാന്റെ ആണവ പദ്ധതി, ബാലിസ്റ്റിക് മിസൈലുകള്‍, സൈനിക ശേഷികള്‍, ആയുധശേഖരം എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. തങ്ങളുടെ ദൗത്യം പൂര്‍ത്തിയാകുന്നതുവരെ ആക്രമണം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി. നേരിട്ട് രാജ്യാതിര്‍ത്തികളില്ലാത്ത രാജ്യങ്ങളായതിനാല്‍ ഏതുവഴിയാണ് ആക്രമണം നടന്നതെന്ന് വ്യക്തമല്ല. യുഎസിന്റെ അറിവോടെയാണ് ആക്രമണങ്ങളെല്ലാണ് റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുകയാണ് ഞങ്ങളുടെ മുന്‍ഗണനയെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.
ഇസ്രായേല്‍ ഏതുസമയത്തും ഇറാനെ ആക്രമിച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യയിലുള്ള നയന്തന്ത്ര പ്രതിനിധികളെ യുഎസ് ഭാഗികമായി പിന്‍വലിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ തെഹ്‌റാനിലെ പ്രധാന വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
ഇറാനില്‍ ഇസ്രയേല്‍ ആക്രണം നടത്തുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ നിന്നു ചില ജീവനക്കാരെ ഒഴിപ്പിക്കാന്‍ പെന്റഗണ്‍ അനുമതി നല്‍കിയിരുന്നു.


