ലക്ഷദ്വീപിൽ ജോലി ചെയ്യുന്ന ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഓഫിസർ നാട്ടിലേക്കു പോവുന്നതിന് കപ്പലിൽ ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തു. സിൽവാസ സ്വദേശിയായ ഭഗവാൻ കണ്ടാരിയാണ് കവരത്തി ദ്വീപിൽ ഇന്ന് ജീവനൊടുക്കിയത്. സംവിധായകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുൽത്താനയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
|
ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടേക്കുള്ള കപ്പൽ സർവീസുകൾ വെട്ടിക്കുറച്ചിരുന്നു. ഇതാണ് ലക്ഷദ്വീപിലേക്കും അവിടെ നിന്നു തിരിച്ചുമുള്ള യാത്ര ബുദ്ധിമുട്ടേറിയതാക്കിയത്. കേരളത്തിൽ ചികിത്സാ ആവശ്യങ്ങൾക്കായി വന്നുപെട്ട ലക്ഷദ്വീപ്ക്കാരും, അതേ പോലെ ലക്ഷദ്വീപിൽ പെട്ട് കിടക്കുന്നവരും യാത്രാസൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ഐഷ പറഞ്ഞു. ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.



