07
Oct 2023
Mon
07 Oct 2023 Mon

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ മരണം 1100 കടന്നതിനു പിന്നാലെ ഗസയ്ക്കു സമീപം ഒരുലക്ഷത്തിലേറെ റിസര്‍വ് സൈനികരെ വിന്യസിച്ച് ഇസ്രായേല്‍. ഇസ്രായേലില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുന്ന ഹമാസ് പോരാളികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നാണ് ഇസ്രായേല്‍ സൈനികവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇസ്രായേലി നഗരങ്ങളായ കിബുത്സ് കര്‍മിയ, അഷ്‌കലോണ്‍, സദറോത്ത് എന്നിവിടങ്ങളിലായാണ് ഹമാസ് പോരാളികളും ഇസ്രായേല്‍ സേനയും നേരിട്ട് ഏറ്റുമുട്ടുന്നത്. മോട്ടോര്‍ ഘടിപ്പിച്ച പാരാഗ്ലേഡുകളിലാണ് ഹമാസ് പോരാളികള്‍ ഇസ്രായേലില്‍ കടന്നുകയറി സൈനികകേന്ദ്രങ്ങള്‍ തകര്‍ക്കുകയും സൈനികരെയും സിവിലിയന്‍മാരെയുമായി നൂറിലേറെ പേരെ ബന്ദികളാക്കുകയും ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ വകവയ്ക്കാതെ ഗസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം ഹമാസ് തുടരുകയാണ്. അഷ്‌കലോണ്‍ നഗരത്തില്‍ ഹമാസ് റോക്കറ്റ് പതിച്ച് ഇസ്രായേലി ബാലന് പരിക്കേറ്റുവെന്ന് പ്രാദേശിക മാധ്യമം റിപോര്‍ട്ട് ചെയ്തു.

ഗസയില്‍ നിരവധി താമസകേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നുവീണു. ഗസാ മുനമ്പിലെ 11 നില താമസകെട്ടിടം ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നതായും 80 കുടുംബങ്ങള്‍ ഭവനരഹിതരായെന്നും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് 123538ഓളം പലസ്തീനികള്‍ ഗസയിലെ വീടുകളില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് യുഎന്‍ അറിയിച്ചു. 64ഓളം സ്‌കൂളുകളിലായാണ് ഇവര്‍ കഴിയുന്നതെന്നും യുഎന്‍ ജീവകാരുണ്യ വിഭാഗം അറിയിച്ചു. ഗസയില്‍ 413 പേരും ഇസ്രായേലില്‍ 700ലേറെ പേരും മരിച്ചതായാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക