22
Feb 2023
Thu
22 Feb 2023 Thu

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളെ മറയാക്കി നിരവധി രാജ്യങ്ങളില്‍ അട്ടിമറികളും വ്യാജപ്രചരണവും നടത്തുന്ന ഇസ്രായേലി ഗൂഢസംഘത്തെ തുറന്നുകാട്ടി അന്താരാഷ്ട്ര മാധ്യമസംഘത്തിന്റെ സ്റ്റിങ് ഓപ്പറേഷൻ.
സാമൂഹിക മാധ്യമങ്ങളിൽ അടക്കം നടത്തിയ കൃത്രിമങ്ങളിലൂടെ മുപ്പതോളം തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച ‘ടീം ഹൊഹേ’ എന്ന സംഘത്തെയാണ് ഇവർ തുറന്നുകാട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇസ്രായേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് മുൻ ഉദ്യോഗസ്ഥനായ തല്‍ ഹനാനാണ് ഹൊഹേ ടീം രൂപീകരിച്ചത്. മുപ്പത്തോളം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകർ അടങ്ങിയ സംഘമാണ് ഇസ്രായേൽ സംഘത്തിന്റെ പ്രവർത്തനം പുറത്തുകൊണ്ട് വന്നതെന്ന് ബ്രിട്ടീഷ് മാധ്യമം ഗാർഡിയൻ റിപോർട്ട് ചെയ്തു. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചതിന് പുറമേ വമ്പന്‍ കമ്പനികള്‍ക്കായി ടീം ഹൊഹേ പലരെയും വിവാദങ്ങളില്‍പ്പെടുത്തി. ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെ നുണ പ്രചരിപ്പിച്ചു. പണം നല്‍കിയാല്‍ ആര്‍ക്കുവേണ്ടിയും എന്തും സമൂഹമാധ്യമങ്ങളിലൂടെ ചെയ്തുകൊടുക്കുകയെന്നതാണ് ഈ ഗൂഢസംഘത്തിന്റെ ലക്ഷ്യം.

ട്വിറ്ററും യൂട്യൂബും ജി മെയിലും ലിങ്ക്ഡ് ഇനും ഫേസ്ബുക്കും എല്ലാം വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചു. പ്രത്യേക സോഫ്റ്റ്‌വെയര്‍ വഴി അയ്യായിരത്തോളം ബോട്ടുകള്‍ ഉണ്ടാക്കിയായിരുന്നു സംഘത്തിന്റെ പ്രചാരണം. ടീം ഹൊഹേ ഇന്ത്യയിലും പ്രവര്‍ത്തിച്ചതായാണ് ഗാര്‍ഡിയന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ ഒരു വമ്പന്‍ കമ്പനിക്ക് വേണ്ടി വ്യവസായ തര്‍ക്കത്തില്‍ ഇടപെട്ടെന്നാണ് റിപോര്‍ട്ട്. ഒരു ആഫ്രിക്കന്‍ രാജ്യത്തെ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ഫ്രാന്‍സ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകരാണ് ഹൊഹേയെ സമീപിച്ചത്.

നുണപ്രചാരണത്തിനായി എങ്ങനെയാണ് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതെന്ന് സംഘത്തിന്റെ തലവനായ താല്‍ ഹനാന്‍ തന്നെ വിശദീകരിക്കുന്നത് മാധ്യമ സംഘം ഒളികാമറയില്‍ പകര്‍ത്തുകയായിരുന്നു. ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഒളികാമറ ദൃശ്യത്തില്‍ ലോക രാജ്യങ്ങളിലെ 33 തിരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും 27 ഇടത്ത് തങ്ങള്‍ ലക്ഷ്യം നേടിയെന്നും താൽ ഹനാന്‍ അവകാശപ്പെടുന്നു.
ഇന്ത്യയിൽ രാഷ്ട്രീയ നേതാവിന്റെ പേരിൽ സെക്സ് ടോയ് ഓർഡർ ചെയ്ത് ഭാര്യയുമായി തെറ്റിക്കാനും സംഘം ശ്രമം നടത്തി.