ഒരു വര്‍ഷത്തിലേറെയായി ഇസ്രായേല്‍ ഗസയില്‍ തുടരുന്ന നരനായാട്ടില്‍ ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി ജബലിയ. (Israel has sent half a million soldiers to capture Jabaliya; Fighters who don’t surrender even under complete siege) വടക്കന്‍ ഗസയിലെ പോരാട്ടത്തിന്റെ ഹോട്ട് പോയിന്റായ ജബലിയ പിടിക്കാന്‍ കഴിഞ്ഞ ഒക്ടോബറിന് ശേഷം ഇത് മൂന്നാം തവണയാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്.
|
2023 ഡിസംബറിലും ഈ വര്‍ഷം മെയ് മാസത്തിലും പ്രദേശത്തേക്ക് വലിയ സൈനിക സന്നാഹങ്ങളുമായി ഇസ്രായേല്‍ എത്തിയെങ്കിലും കനത്ത തിരിച്ചടി നേരിട്ടതോടെ പിന്മാറുകയായിരുന്നു. എന്നാല്‍, ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഇസ്രായേല്‍.
പ്രദേശവാസികളെ പൂര്‍ണമായും പട്ടിണിക്കിട്ട് മരുന്നുകള്‍ നിഷേധിച്ച് സമ്മര്‍ദ്ദത്തിലാക്കാനാണ് ഇസ്രായേല്‍ ശ്രമം. പരിസര പ്രദേശങ്ങള്‍ മുഴുവന്‍ തകര്‍ത്തു കഴിഞ്ഞു. ജബലിയയിലെ മിക്ക കെട്ടിടങ്ങളും ബോംബിട്ട് തകര്‍ത്തു. ആയിരക്കണക്കിന് പേര്‍ ജീവനോടെ ചുട്ടുകൊല്ലപ്പെട്ടു.

1.5 ചതുരശ്ര കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള ഈ പ്രദേശത്തിന്റെ നിയന്ത്രണത്തിന് വേണ്ടി 50,000ഓളം സൈനികരെയാണ് ഇസ്രായേല്‍ വിന്യസിച്ചിരിക്കുന്നത്. നൂറുകണക്കിന് ടാങ്കുകളും മറ്റു സൈനിക വാഹനങ്ങളും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇസ്രായേലിന്റെ ഏറ്റവും ശക്തമായ 162ആം സായുധ വിഭാഗമാണ് സൈനിക നീക്കത്തിന് നേതൃത്വം നല്‍കുന്നത്. പിന്തുണയുമായി 460ആം കവചിത ബ്രിഗേഡും ഗിവാതി ബ്രിഗേഡും പ്രത്യേക സേനകളുമുണ്ട്.
ജബലിയയിലെ കെട്ടിടങ്ങള്‍ മാത്രമല്ല, ജല-വൈദ്യുതി കണക്ഷനുകള്‍, ഭക്ഷ്യ ശേഖരം തുടങ്ങിയവ ഉള്‍പ്പെടെ ഇതിനകം ഇസ്രായേല്‍ ബോംബിട്ട് നശിപ്പിച്ചിട്ടുണ്ട്. ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് മാത്രം ഉപരോധിക്കുന്നത് 111 ഇസ്രായേലി ടാങ്കുകളാണ്.
എന്നാല്‍, ഇത്രയും കടുത്ത ഉപരോധത്തിനിടയിലും ഇസ്രായേലിനെ അമ്പരപ്പിച്ച് പ്രതിരോധം ശക്തമായി തുടരുകയാണ്. വിട്ടുകൊടുക്കാന്‍ തയ്യാറില്ലാത്ത ഫലസ്തീന്‍ പോരാട്ടത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ 460ആം ബ്രിഗേഡിന് ഇവിടെ നിന്ന് പിന്മാറേണ്ടി വന്നു.
പോരാളികളുടെ തന്ത്രപരമായ നീക്കത്തില്‍ 401ആം ബ്രിഗേഡ് കമാന്‍ഡര് കേണല്‍ എഹ്‌സാന്‍ ദസ്ഖ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സൈനിക ഓഫിസര്‍മാരെ വകവരുത്തിയത് ജബലിയയിലാണ്. നിരവധി ഇസ്രായേലി സൈനികര്‍ക്ക് ഇതിനകം ഇവിടെ ജീവന്‍ നഷ്ടപ്പെട്ടു.
പോരാളികള്‍ക്കും ഇസ്രായേലിനും ഒരു പോലെ പ്രധാനമാണ് ജബലിയയിലെ വിജയം. ജബലിയ വീണാല്‍ ഏറെക്കുറെ വടക്കന്‍ ഗസ ഇസ്രായേല്‍ നിയന്ത്രണത്തിലാവും. ഇസ്രായേല്‍ പരാജയപ്പെടുകയാണെങ്കില്‍ കൊട്ടിഘോഷിക്കപ്പെട്ട ജനറല്‍ പ്ലാനിന്റെ അന്ത്യമായിരിക്കും അത്. ഒപ്പം ഇസ്രായേലിന്റെ സമ്പൂര്‍ണ പരാജയവും.


