സിറിയയും ഇസ്രായേലും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി കരാറിലെത്തുന്നതിന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. (Israel in ‘advanced talks’ for deal to end hostilities with Syria) സുരക്ഷാ കാര്യങ്ങളിലാണ് പ്രധാനമായും ചര്‍ച്ചകള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍, പൂര്‍ണമായ സമധാന കരാര്‍ എന്ന് സാധ്യമാകുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടില്‍ പറയുന്നു.
|
അറബ് രാജ്യങ്ങളുമായുള്ള ഇസ്രായേലിന്റെ ബന്ധം ശക്തമാക്കുന്നതിനുള്ള അബ്രഹാം അക്കോഡില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. സിറിയയെയും ഇതില്‍ ഉള്‍പ്പെടുത്താന്‍ ഇസ്രായേല്‍ ശ്രമിക്കുന്നുവെന്നത് ഒരു രഹസ്യമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയതായി റിപോര്‍ട്ടില്‍ പറയുന്നു.
ഇസ്രായേലും സിറിയയും തമ്മില്‍ വര്‍ഷങ്ങളായി പരസ്പരം ശത്രുതാ നിലപാട് തുടരുന്ന രാജ്യങ്ങളാണ്. 1948ലെ സ്വാതന്ത്ര്യ സമരം മുതലിങ്ങോട്ട് ഈ ശത്രുത തുടര്‍ന്നുവരുന്നുണ്ട്.
ALSO READ: വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി സൈന്യത്തിനെതിരേ ജൂതന്മാരുടെ ലഹള; ചെക്ക്‌പോസ്റ്റിന് തീയിട്ടു
എന്നാല്‍, ഡിസംബറില്‍ ബശ്ശാറുല്‍ അസദ് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടതിന് പിന്നാലെയാണ് കാര്യങ്ങൡല്‍ മാറ്റമുണ്ടായത്. തുടക്കത്തില്‍ ഇടക്കാല പ്രസിഡന്റ് അഹ്‌മദ് അല്‍ ഷറായുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരുമായും ഇസ്രായേല്‍ കടുത്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇടപെടലിലാണ് ഇതില്‍ അയവ് വന്നത്.
ഇസ്രായേല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രായേലും സിറിയയും ദിവസേന നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് ഹനെഗ്ബി കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയിരുന്നു. ലബ്‌നാനുമായും സമാനമായ ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപോര്‍ട്ട്.


