വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്നതായി സൂചനയുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ്. (Israel is preparing to attack Iranian nuclear facilities) എന്നാല്‍, ആണവചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇറാനെ ആക്രമിക്കാനുള്ള തീരുമാനത്തിന് യു.എസ് സര്‍ക്കാറില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
|
ഇസ്രായേല്‍ ഉന്നത ഉദ്യോഗസ്ഥരുടെ മെസേജുകളും മറ്റ് കമ്യൂണിക്കേഷനുകളും സൈനിക നീക്കവും പരിശോധിച്ചാണ് യു.എസ് രഹസ്യാന്വേഷണവിഭാഗം ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. വ്യോമാക്രമണത്തിന് ഇസ്രായേല്‍ ഒരുക്കം തുടങ്ങിയെന്നും ഇതിനുള്ള പരിശീലനം ആരംഭിച്ചുവെന്നും രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു.
വ്യോമാക്രമണം നടത്താനുള്ള ആയുധങ്ങളും ബോംബുകളും മിസൈലുകളും പ്രത്യേക സ്ഥാനത്തേക്ക് നീക്കുന്നതായും സൈനികാഭ്യാസം നടത്തിയെന്നുമാണ് യുഎസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇതെല്ലാം ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം ആവാമെന്നും അവര്‍ വിലയിരുത്തുന്നുണ്ട്.
ആക്രമണം മിഡില്‍ ഈസ്റ്റില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. 2023ല്‍ ആരംഭിച്ച ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റില്‍ വലിയ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍, വാര്‍ത്തകളോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസോ യു.എസിലെ ഇസ്രായേല്‍ എംബസിയോ തയാറായിട്ടില്ല. നേരത്തെ ആണവപദ്ധതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു.
യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാന്‍
യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് വ്യക്തമാക്കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനൗ. അതിന് യു.എസിന്റെ അനുമതി ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.
യു.എസുമായുള്ള ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തുമോയെന്നതില്‍ തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളില്‍ ഒരു ഫലവുമുണ്ടാവുമെന്ന് തോന്നുന്നില്ല. എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും ആയത്തുള്ള ഖാംനൗ കൂട്ടിച്ചേര്‍ത്തു.


