ബന്ദികളെ മോചിപ്പിക്കുകയാണെങ്കിൽ ഗസയിൽ താൽക്കാലിക വെടിനിർത്തലാകാമെന്നും ഇതുസംബന്ധിച്ച ഖത്തറിന്റെ മധ്യസ്ഥനീക്കങ്ങളുമായി മുന്നോട്ടു പോകാനും മൊസാദ് മേധാവി ഡേവിഡ് ബാർണിയയ്ക്ക് യുദ്ധ കാബിനറ്റ് അനുമതി നൽകി. ഗസയിൽ ആഴ്‌ചകൾ നീണ്ടു നിൽക്കുന്ന വെടിനിർത്തലിന് പകരമായി 40 മുതൽ 50 വരെ ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാനുള്ള നീക്കമാണ് ഖത്തർ മധ്യസ്ഥതയിൽ നടക്കുന്നത്.
|
ഗസയിൽ ബന്ദികളാക്കിയ 40 പേരെ മോചിപ്പിച്ചാൽ ഒരാഴ്ച വെടിനിർത്താൻ തയ്യാറാണെന്ന് ഇസ്രായേൽ നേരത്തെ മധ്യസ്ഥനീക്കം നടത്തുന്ന ഖത്തറിനെ അറിയിച്ചിരുന്നു. എന്നാൽ, ബന്ദിമോചനമടക്കമുള്ള വിഷയങ്ങളിൽ ചർച്ച തുടങ്ങണമെങ്കിൽ യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു ഹമാസിന്റെ മറുപടി. ഗസയിൽ യുദ്ധം പൂർണമായി നിർത്തണമെങ്കിൽ ഹമാസ് ആയുധം താഴെ വയ്ക്കണമെന്നും ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഉത്തരവാദികളായവരെ ഇസ്രായേലിന് കൈമാറണമെന്നുമായിരുന്നു ഇസ്രായേലിന്റെ നിലപാട്.
ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിനെ കുറിച്ച് കൂടുതൽ ചർച്ച ചെയ്യാൻ ഇസ്രായേൽ യുദ്ധ മന്ത്രിസഭ ഞായറാഴ്ച യോഗം ചേരുമെന്നാണ് റിപോർട്ടുകൾ.


