മാര്‍ച്ച് 2 മുതല്‍ തുടരുന്ന ഇസ്രായേല്‍ ഉപരോധം മൂലം ഗസയില്‍ ജീവഹാനി നേരിട്ടത് 326 പേര്‍ക്ക്. (Israeli blockade: 14,000 children in Gaza could die of starvation within 48 hours) അടിയന്തര സഹായം ലഭിച്ചില്ലെങ്കില്‍ 48 മണിക്കൂറിനകം 14,000ഓളം കുഞ്ഞുങ്ങള്‍ മരണത്തിന്റെ പിടിയിലമരുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി.
|
കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വളരെ ചെറിയ തോതില്‍ സഹായ വിതരണത്തിന് ഇസ്രായേല്‍ സമ്മതിച്ചിരുന്നു. എന്നാല്‍, ഒരു ദിവസം പിന്നിട്ടിട്ടും ഒരു സഹയാം പോലും ഗസാ നിവാസികള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് യുഎന്‍ അറിയിച്ചു.
കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ വഹിച്ചുകൊണ്ട് അഞ്ച് ട്രക്കുകള്‍ മാത്രമാണ് തിങ്കളാഴ്ച ഗസ്സയിലേക്ക് പ്രവേശിച്ചതെന്നും ആവശ്യമുള്ളവരിലേക്ക് ഇതുവരെ സഹായം എത്തിയിട്ടില്ലെന്നും യു.എന്‍ ഹുമാനിറ്റേറിയന്‍ മേധാവി ടോം ഫ്‌ലെച്ചര്‍ പറഞ്ഞു.
‘ഞങ്ങള്‍ക്ക് അവരെ സമീപിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ 14000 കുഞ്ഞുങ്ങള്‍ മരിക്കും. പോഷകാഹാരക്കുറവ് കാരണം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയാത്ത അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണം എത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വലിയ അപകടസാധ്യതകള്‍ കാണുന്നു. മാനുഷിക പിന്തുണയില്‍ അടിയന്തര വര്‍ധനവ് വരുത്തണം’ അദ്ദേഹം ബി.ബി.സിയുടെ റേഡിയോ 4 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, ഇസ്രായേലുമായുള്ള സ്വതന്ത്ര വ്യാപാര ചര്‍ച്ച യുകെ നിര്‍ത്തിവച്ചു. ഇസ്രായേലുമായി രാഷ്ട്രീയ, സാമ്പത്തിക ബന്ധം നിര്‍ണയിക്കുന്ന കരാര്‍ പുനപ്പരിശോധിക്കുമെന്ന് ഇയു വ്യക്തമാക്കി. ലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രായേല്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി.
ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ ഗസയില്‍ തുടരുന്ന വംശഹത്യയില്‍ ഇതുവരെ 53,573 ഫലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. 121,688 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരുടെയും കാണാതായവരുടെയും എണ്ണം പരിഗണിച്ചാല്‍ മരണസംഖ്യ ഇനിയും ഒരുപാടുയരും.


