ഇസ്രായേലി സൈന്യം സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ എത്തിയതായി പ്രദേശവാസികള്‍. (Israeli troops advance into Syria; local residents say they have reached 25 kilometers from Damascus)
ഖതാന നഗരത്തില്‍ ഇസ്രായേല്‍ സൈന്യം എത്തിയതായി പ്രദേശിക സുരക്ഷാ ഏജന്‍സികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. അധിനിവിഷ്ട ഗോലാന്‍ കുന്നുകളില്‍ നിന്ന് സിറിയയുടെ 10 കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണിത്.
|
പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ പതനത്തിന് പിന്നാലെയുണ്ടായ അസ്ഥിര സാഹചര്യം മുതലെടുത്ത് സിറിയയിലേക്ക് കടന്നു കയറാനുള്ള ശ്രമത്തിലാണ് ഇസ്രായേല്‍. സിറിയയുടെ പല ഭാഗങ്ങളിലും ഇസ്രായേല്‍ നിരന്തരം വ്യോമാക്രമണം നടത്തുന്നുണ്ട്. അത്യാധുനിക ആയുധങ്ങള്‍ തെറ്റായ കരങ്ങളില്‍ എത്തുന്നത് തടയുന്നതിനാണ് ഈ ആക്രമണമെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.
ALSO READ: കോഴിക്കോട്ട് പ്രമോഷന്‍ ഷൂട്ടിനിടെ യുവാവ് ആഡംബരവാഹനമിടിച്ചുമരിച്ചു
ഞായറാഴ്ച്ച മുതല്‍ 300ഓളം വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ സിറിയയില്‍ നടത്തിയത്. സിറിയന്‍ നാവിക സേനാ കേന്ദ്രമായ ലതാക്കിയ തുറമുഖത്ത് ഇസ്രായേല്‍ വ്യോമ സേന തിങ്കളാഴ്ച്ച ബോംബിട്ടിരുന്നു.
അതേസമയം, 1967 മുതല്‍ ഇസ്രായേല്‍ കൈയടക്കി വച്ചിരിക്കുന്ന ഗോലാന്‍ കുന്നുകള്‍ വിട്ട് സൈന്യം മുന്നോട്ട് പോയെന്ന റിപോര്‍ട്ടുകള്‍ ഇസ്രായേല്‍ നിഷേധിച്ചു. ”ഇസ്രായേല്‍ സൈന്യം ദമസ്‌കസിലേക്കു നീങ്ങുകയാണെന്ന ചില മാധ്യമ വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണ്”- സൈനിക വക്താവ് അവിച്ചായ് അദാരീ എക്‌സില്‍ അറിയിച്ചു. സൈന്യം ബഫര്‍ സോണിനകത്തും അതിര്‍ത്തിക്കരികിലുള്ള പ്രതിരോധ പോയിന്റുകളിലുമാണ് ഉള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഞായറാഴ്ച്ചയാണ് അധിനിവിഷ്ട ഗോലാന്‍ കുന്നുകളില്‍ നിന്ന് സൈന്യം ബഫര്‍ സോണിലേക്കു നീങ്ങിയത്. അസദ് ഭരണം അവസാനിച്ചതോടെ 1974ലെ കരാര്‍ റദ്ദായെന്ന് അവകാശപ്പെട്ടായിരുന്നു ഈ നീക്കം.
ബഫര്‍ സോണും സമീപത്തുള്ള നിര്‍ണായക പ്രദേശങ്ങളും പിടിച്ചെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ പറഞ്ഞു. ശത്രുക്കള്‍ അതിര്‍ത്തിക്കു സമീപം താവളമുറപ്പിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഇതെന്നാണ് നെതന്യാഹുവിന്റെ അവകാശവാദം.


