ചെന്നൈ: ബി.ജെ.പിക്കെതിരേ മതേതരകക്ഷികളെ ഒന്നിപ്പിച്ചുനിർത്തുന്നതിന്റെ ഭാഗമായി ഡൽഹിയിൽ പ്രതിപക്ഷ കക്ഷികളുടെ കൺവൻഷൻ വിളിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ചെന്നൈയിൽ നടന്നുവരുന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി പ്രതിനിധി സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
|
പാർലമെന്റിലും കേന്ദ്രമന്ത്രിസഭകളിലും പ്രാതിനിധ്യമുള്ള പാർട്ടിയായി വളരാൻ ലീഗിറ്റ കഴിഞ്ഞത് ആദർശത്തിൽ വെള്ളം ചേർക്കാത്തതു കൊണ്ടാണ്. മുൻ കാല നേതാക്കൾ തെളിച്ച മതേതര ജനാധിപത്യത്തിന്റെ വഴിയിലൂടെ മുസ് ലിം ലീഗ് ഇനിയും കുതിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഭീഷണി ഉയർത്തുന്ന ഫാസിസത്തിനെതിരെ പ്രതിപക്ഷകക്ഷികളുടെ ഐക്യം അനിവാര്യമാണെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. ആക്ടിവിസ്റ്റുകൾ, പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ എല്ലാം ഭീഷണി നേരിടുന്നു. നിരവധി നിരപരാധികൾ പശുവിന്റെ പേരിൽ കൊല ചെയ്യപ്പെടുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ മുന്നേറ്റത്തിന് മുസ്‌ലിം ലീഗ് മുൻകയ്യെടുക്കും. ഡി.എം.കെ പോലുള്ള കക്ഷികളുടെ പങ്കാളിത്തം ഇതിൽ അനിവാര്യമാണെന്നും തങ്ങൾ പറഞ്ഞു. പാർട്ടി പ്ലാറ്റിനം ജൂബിലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.
വിവിധ സംസ്ഥനങ്ങളിൽ നിന്നായി 1500 ലധികം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഉച്ചതിരിഞ്ഞ് മതേതര, യുവജന സെമിനാറുകൾ നടക്കും. ചെന്നൈ കലവൻ അരങ്കം ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമേളനം നാളെ സമാപിക്കും. നാളെയാണ് ചരിത്ര മഹാ പൊതുസമ്മേളനം. ഇ.ടി. മുഹമ്മദ് ബഷീർ എം.പി , ഡോ.അബ്ദുസ്സമദ് സമദാനി, ഡോ.എം.കെ മുനീർ, ഡോ .മുഹമ്മദ് മതീൻ ഖാൻ തുടങ്ങിയവരും പ്രസംഗിച്ചു.





