24
Jul 2023
Wed
24 Jul 2023 Wed

ജിദ്ദ: ഇന്ത്യന്‍ വെല്‍ഫെയര്‍ അസോസിയേഷ(ഐവ)ന്റെ കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മവുമായി ബന്ധപ്പെട്ട മേഖലകളില്‍ സേവനരംഗത്തിറങ്ങിയ വളന്റിയര്‍മാരുടെ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ വ്യവസായ പ്രമുഖന്‍ അബ്ദുറഹിമാന്‍ അല്‍ഫദുല്‍ സംഗമം ഉദ്ഘാടനം ചെയ്തു. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കുകയും പരിചരിക്കുകയും ചെയ്ത ‘ഐവ’ വളന്റിയര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവാചകന്‍ ഇബ്രാഹീം നബിയുടെ പ്രാര്‍ഥനാഫലമായി സജീവമായ മക്കയിലേക്ക് ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഹജ്ജിനായി എത്തിച്ചേരുന്ന തീര്‍ഥാടകരെ സര്‍വവും ത്യജിച്ചു സ്വീകരിക്കേണ്ടത് മക്കയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരുടെ ബാധ്യതയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അശ്‌റഫ് മൗലവി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പിന്തുണയോടെ ഇരുനൂറിലധികം വളന്റിയര്‍മാരാണ് ഇത്തവണ സേവനരംഗത്തിറങ്ങിയത്.

ജിദ്ദ എയര്‍പോര്‍ട്ടിലും അസീസിയ താമസ കേന്ദ്രങ്ങളിലും നടത്തിയ സേവനങ്ങള്‍, മിനയിലെ തമ്പുകള്‍, റോഡുകള്‍, ആശുപത്രികള്‍, ജമ്ര തുടങ്ങിയ ഏരിയകളില്‍ മാപ്പുകള്‍ വീല്‍ചെയര്‍ എന്നിവ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളിലും ഭക്ഷണ വിതരണം, പ്രഥമ ശുശ്രൂഷ തുടങ്ങിയ മേഖലകളിലും വളന്റിയര്‍മാര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ പരിഹാരമാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് വളന്റിയര്‍മാര്‍ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ചര്‍ച്ച ചെയ്തു.

സലാഹ് കാരാടന്‍, നാസര്‍ ചാവക്കാട്, അന്‍വര്‍ വടക്കാങ്ങര വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അബ്ദുറഹിമാന്‍, അല്‍ അമീന്‍, ഇഅജാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. റിസ്വാന്‍അലി അധ്യക്ഷത വഹിച്ചു. ശറഫുദ്ധീന്‍ മേപ്പാടി സ്വാഗതവും ദിലീപ് താമരക്കുളം നന്ദിയും പറഞ്ഞു. ലിയാഖത്ത് കോട്ട ഖുര്‍ആനിന്ന് അവതരിപ്പിച്ചു. അബ്ബാസ് ചെങ്ങാനി, അബ്ദുല്‍ ഗഫൂര്‍ തേഞ്ഞിപ്പലം, ഹനീഫ പാറക്കല്ലില്‍, നൗഷാദ് ഓച്ചിറ, എം.എ.ആര്‍, ജരീര്‍ വേങ്ങര, അമാനുല്ല വെളിയംകോട്, ഹസ്സന്‍ കോയ, ഷൗക്കത്ത് അലി കോട്ട നേതൃത്വം നല്‍കി.